| Friday, 1st November 2019, 3:28 pm

'രാജിവെയ്ക്കാനോ മാപ്പ് പറയാനോ തയ്യാര്‍'; ബിനീഷിനെയും അനിലിനെയും അറിയില്ലെന്നും പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജിവെയ്ക്കാനോ മാപ്പുപറയാനോ തയ്യാറാണെന്നു വ്യക്തമാക്കി പ്രിന്‍സിപ്പല്‍ ടി.ബി കുലാസ്. തിരുവനന്തപുരത്തെത്തി പട്ടികജാതി-വര്‍ഗ മന്ത്രി എ.കെ ബാലനെ നേരിട്ടുകണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താനാരെയും ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ലെന്നും തനിക്ക് ബിനീഷിനെയും അനിലിനെയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നൊന്നും എനിക്കറിയില്ല. എനിക്കു സിനിമയുമായി ഒരു ബന്ധവുമില്ല.

ആരെപ്പോള്‍ ഏതു പരിപാടിയില്‍ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ല.’- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യൂണിയന്‍ ആരെയൊക്കെയാണു ക്ഷണിച്ചതെന്നു തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബിനീഷിനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു താന്‍ തടഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ‘എങ്ങനെ ഞാന്‍ അങ്ങേരെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെക്കണ്ടോ.. യൂണിയന്‍ വിളിച്ചിരിക്കും. അതുകൊണ്ടല്ലേ ഇവരൊക്കെ വന്നത്.’- അദ്ദേഹം പറഞ്ഞു.

അതിഥികളെ ക്ഷണിക്കുന്നത് യൂണിയന്‍ മാത്രമാണോ ചെയ്യുന്നതെന്ന ചോദ്യത്തിന്, പ്രിന്‍സിപ്പലറിയാതെ അതു ചെയ്തതു തെറ്റാണെന്നും പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നതു ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതായിരുന്നു വിവാദമായത്. ഇന്നലെ വൈകീട്ട് ആറ് മണിക്കായിരുന്നു പരിപാടി.

തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തിയത്.

കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നും ബിനീഷിനോട് പറയുകയായിരുന്നു.

എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബിനീഷ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തുകയും നിലത്തിരുന്ന് പ്രതിഷേധിക്കുകയും തനിക്കുണ്ടായ വിഷമം വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ച ശേഷം മടങ്ങുകയുമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more