| Tuesday, 14th May 2024, 10:59 pm

'ഓരോ ദിവസവും ഓരോ പുരുഷന്‍മാരോടൊപ്പമാണല്ലോ'; മകളുടെ അഡ്മിഷന് ചെന്നപ്പോള്‍ പ്രിന്‍സിപ്പള്‍ അപമര്യാദയായി പെരുമാറി; നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മകളുടെ സ്‌കൂള്‍ അഡ്മിഷന് വേണ്ടി പോയ ഭാര്യയോട് പ്രിന്‍സിപ്പള്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിനെതിരെയാണ് പരാതി. ചരത് കീര്‍ത്തി എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് യുവാവ് ഭാര്യക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ചത്.

ചേട്ടനുമൊത്ത് സ്കൂളിലെത്തിയ ഭാര്യയോട് നിങ്ങള്‍ ഒരോ തവണയും ഓരോ പുരുഷന്‍മാരുമായിട്ടാണല്ലോ വരുന്നതെന്ന് പ്രിന്‍സിപ്പള്‍ മോശമായ രീതിയില്‍ ചോദിച്ചെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇടപെടണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

‘ജാനകിയുടെ സ്‌കൂള്‍ അഡ്മിഷനായിട്ട് കീര്‍ത്തി ഇന്ന് തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ പോയിരുന്നു. മൂന്നാഴ്ച്ച മുന്നേ തന്നെ അവിടെ അഡ്മിഷന്‍ ആയിരുന്നെങ്കിലും ഞങ്ങള്‍ കൊടുത്ത സ്‌കൂള്‍ ടി.സിയില്‍ പ്രിന്‍സിപ്പാളിന്റെ സിഗ്നേച്ചര്‍ ഡിജിറ്റല്‍ ആണെന്ന് പറഞ്ഞ് പ്രിന്‍സിപ്പള്‍ അത് സ്വീകരിക്കുകയുണ്ടായില്ല. കീര്‍ത്തി പിന്നീടൊരിക്കല്‍ കീര്‍ത്തിയുടെ മൂത്ത ചേട്ടനുമായി പോയി പ്രിന്‍സിപ്പാളെ കണ്ട് ഇത് വീണ്ടും സംസാരിച്ചെങ്കിലും അന്നയാള്‍ കണ്ടെത്തിയ അടുത്ത ന്യായം ടി.സിയിലെയും മാര്‍ക്ക് ലിസ്റ്റിലെയും ക്ലാസ് ടീച്ചറുടെ സിഗ്നേച്ചര്‍ അല്പം വ്യത്യാസം ഉണ്ടെന്നാണ്. ഇത് തിരുത്തി കൊണ്ട് വന്നാലെ അഡ്മിറ്റ് കാര്‍ഡ് തരികയുള്ളൂ എന്നയാള്‍ പറഞ്ഞു. ഞാനൊടുവില്‍ ഇവിടെ മുംബൈയില്‍ സ്‌കൂളില്‍ നിന്നും അതിന്റെ മറ്റൊരു കോപ്പി വാങ്ങി നാട്ടിലേയ്ക്ക് അയച്ചുകൊടുത്തു. അതുമായി കീര്‍ത്തി ഇന്ന് എന്റെ ചേട്ടനുമായ് സ്‌കൂളില്‍ പോയി പ്രിന്‍സിപ്പാളിനെ കണ്ടു. പ്രിന്‍സിപ്പാള്‍ കീര്‍ത്തിയോട് വളരെ മോശമായ രീതിയില്‍ ‘നിങ്ങള്‍ ഓരോ തവണ ഓരോ പുരുഷന്മാരുമായിട്ടാണല്ലോ വരുന്നത്’ എന്ന് പറഞ്ഞു. എന്റെ ചേട്ടന്‍ പ്രിന്‍സിപ്പാളോട് ഇത് ചൂണ്ടിക്കാട്ടി സംസാരിച്ചപ്പോള്‍ അയാള്‍ ഒടുവില്‍ മാപ്പ് പറഞ്ഞു,’ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അഡ്മിഷനുമായി ബന്ധപ്പെട്ട് ഭാര്യ ആദ്യമായി ആ സ്‌കൂളില്‍ പോയത് മുതല്‍ പ്രിന്‍സിപ്പള്‍ അപമര്യാദയായിട്ടാണ് സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ഇത് വെര്‍ബല്‍ അസോള്‍ട്ട് ആണെന്നും തലസ്ഥാനത്തെ പ്രസിദ്ധമായ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ തന്നെയാണ് അഡ്മിഷന് വേണ്ടി ചെന്ന കുട്ടിയുടെ അമ്മയോട് മോശമായി പെരുമാറിയതെന്നും കുറിപ്പില്‍ പറഞ്ഞു. അഡ്മിഷന്‍ വേണ്ടെന്ന് വെച്ചെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിനോട് പ്രതികരിച്ച് പിന്നീട് മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. ഉടന്‍ പരാതി കൊടുക്കണമെന്നും ഇത്തരം ആളുകളെ പൊതു സമൂഹം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

Content Highlight: principal behaved rudely complaint

We use cookies to give you the best possible experience. Learn more