| Thursday, 8th June 2023, 7:12 pm

പര്‍ദ്ദ ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് പ്രിന്‍സിപ്പല്‍; കശ്മീരില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പര്‍ദ്ദ ധരിച്ചെത്തരുതെന്ന പ്രിന്‍സിപ്പലിന്റെ ഉത്തരവില്‍ പ്രതിഷേധം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളോടാണ് പ്രിന്‍സിപ്പല്‍ പര്‍ദ്ദ ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂളിന്റെ മുന്‍വശത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് പര്‍ദ്ദ ധരിച്ചെത്തരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പര്‍ദ്ദ ധരിച്ച് വരുമ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളും പര്‍ദ്ദ ധരിക്കാന്‍ പ്രേരിതരാകുകയും അവരും പര്‍ദ്ദ ധരിച്ച് തുടങ്ങുമെന്നും മാനേജ്‌മെന്റ് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘ ഇന്നലെ പര്‍ദ്ദ ധരിക്കാതെ സ്‌കൂളില്‍ പ്രവേശിച്ചാല്‍ മതിയെന്ന് ഞങ്ങളോട് പറഞ്ഞു. നിങ്ങള്‍ പര്‍ദ്ദ ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്‌കൂളില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. നിങ്ങള്‍ പര്‍ദ്ദ ധരിച്ച് വരുമ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളും പര്‍ദ്ദ ധരിക്കാന്‍ പ്രേരിതരാകുകയും അവരും പര്‍ദ്ദ ധരിച്ച് തുടങ്ങുമെന്നും മാനേജ്‌മെന്റ് പറഞ്ഞു.

പര്‍ദ്ദ ധരിക്കുന്നത് തെറ്റാണെന്നാണ് മാനേജ്‌മെന്റിന്റെ ധാരണയെന്ന് മനസിലാകും. ജീന്‍സും, പാന്റും ധരിച്ചാല്‍ മാനേജ്‌മെന്റ് നമുക്ക് പ്രവേശനം നല്‍കുമായിരിക്കും. നിങ്ങള്‍ക്ക് പര്‍ദ്ദ ധരിക്കണമെങ്കില്‍ നിങ്ങള്‍ മദ്രസയില്‍ ചേരാനാണ് അവര്‍ പറഞ്ഞത്. സമൂഹത്തിന്റെ ഭാഗമാകണമെങ്കില്‍ നിങ്ങള്‍ പര്‍ദ്ദ ധരിക്കുന്നത് നിര്‍ത്തണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു,’ അവര്‍ പറഞ്ഞു.

പര്‍ദ്ദ ധരിച്ച് വിദ്യാഭ്യാസം നേടുന്നതിലൂടെ നമ്മള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും പര്‍ദ്ദ ധരിച്ച് കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് ഞങ്ങള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നതെന്നും പ്രതിഷേധിക്കുന്നവരില്‍ ഒരാള്‍ പറഞ്ഞു.

‘ ഞങ്ങള്‍ സ്‌കൂള്‍ ടോപ്പേര്‍സാണ്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് ഞങ്ങളെ വേര്‍തിരിച്ച് കാണുകയാണ്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് നിങ്ങളെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞു. പര്‍ദ്ദ ധരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ മാറി ചിന്തിക്കില്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് പര്‍ദ്ദ ധരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പര്‍ദ്ദ ധരിച്ച് തുടര്‍ പഠനം നടത്താനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ പര്‍ദ്ദ ഒഴിവാക്കില്ല. പര്‍ദ്ദ ധരിച്ച് തന്നെ ഞങ്ങള്‍ വിദ്യാഭ്യാസം നേടും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വ്യത്യസ്ത നിറമുള്ള പര്‍ദ്ദ ധരിക്കുന്നതാണ് പ്രശ്‌നമെന്ന് പ്രിന്‍സിപ്പലും പറഞ്ഞു.

‘ഞങ്ങള്‍ അവരോട് വെള്ള നിറത്തിലുള്ള പര്‍ദ്ദ ധരിച്ചോളൂ എന്ന് പറഞ്ഞിട്ടുണ്ട്. അത് യൂണിഫോമിന്റെ ഭാഗമായി പരിഗണിക്കാമായിരുന്നു,’ അവര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ഡ്രസ് കോഡ് വേണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നതായി ദി വീക്കും റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധരിക്കാവുന്ന പര്‍ദ്ദയുടെ നിറവും പാറ്റേണും സ്‌കൂള്‍ പ്രഖ്യാപിക്കുമെന്നും പ്രിന്‍സിപ്പലിനെ ഉദ്ധരിച്ച് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെതിരെ പ്രതിഷേധവുമായി നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖും രംഗത്തെത്തി.

‘ഹിജാബ് ധരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. കൂടാതെ മതപരമായ വസ്ത്രധാരണത്തിലും ഇടപെടാന്‍ പാടില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ വരുന്നത് നിര്‍ഭാഗ്യകരമാണ്.

ഇതില്‍ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുകയും ഉടന്‍ തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

content highlights: Principal ban students wearing abaya; Students protest in Kashmir

We use cookies to give you the best possible experience. Learn more