ദുബായ്: ദുബായ് ഭരണാധികാരിയുടെ മകളായ ഷെയ്ഖ് ലത്തീഫ രാജകുമാരിയെ കുടുംബം ബന്ദിയാക്കിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ദുബായ് രാജകുടുംബം. ലത്തീഫക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി പരിപാലിക്കുകയാണെന്നാണ് ലത്തീഫയുടെ ചിത്രത്തോടൊപ്പം പുറത്തുവിട്ട പ്രസ്താവനയില്‍ കുടുംബം പറയുന്നത്.
‘അവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. അനുയോജ്യമായ സമയത്ത് അവര്‍ പൊതുജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ രാജകുടുംബം പറയുന്നു.
2018ല്‍ ദുബായ് വിടാന്‍ ശ്രമിച്ചതിന് പിന്നാലെ അച്ഛന്‍ തന്നെ തടവിലാക്കിയിരിക്കുകയാണ് എന്ന് ലത്തീഫ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബി.ബി.സിക്ക് നല്‍കിയ രഹസ്യ വിഡീയോ സന്ദേശത്തിലാണ് ലത്തീഫ താന്‍ തടവിലാണെന്നും ജീവനില്‍ ഭീഷണിയുണ്ടെന്നും പറഞ്ഞത്.
ഇതിന് പിന്നാലെ വിഷയത്തില്‍ യു.എ.ഇയുമായി സംസാരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ലത്തീഫ രാജകുമാരി ജീവനോടെയുണ്ടെന്നതിന് തെളിവ് നല്‍കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഏജന്‍സി ദുബായ് രാജകുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ലത്തീഫയുടെ ചിത്രത്തോടൊപ്പം കുടുംബം പ്രസ്താവന പുറത്തുവിട്ടത്. എന്നാല്‍ ലത്തീഫയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഒരു വിവരവും ഇതിനൊപ്പം പങ്കുവെച്ചിട്ടില്ല.
ലത്തീഫയുടെ പുറത്തുവന്ന വീഡിയോ സന്ദേശത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. വീഡിയോ സന്ദേശം ഞെട്ടിപ്പിക്കുന്നതാണെന്ന് യു.കെ പറഞ്ഞിരുന്നു. ലത്തീഫ പറയുന്ന കാര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്നാണ് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞത്.
ലത്തീഫ വീട്ടുതടങ്കലിലായ ശേഷം രഹസ്യമായി അവര്‍ക്ക് നല്‍കിയ ഫോണിലാണ് സന്ദേശം റെക്കോഡ് ചെയ്തത്. വീട്ടില്‍ ബാത്ത്റൂമിനുള്ളില്‍ മാത്രമേ വാതിലടക്കാന്‍ സാധിക്കൂ എന്നതുകൊണ്ടു തന്നെ അവിടെ വെച്ചാണ് ലത്തീഫ വീഡിയോകള്‍ ഷൂട്ട് ചെയ്തത്.
വീഡിയോയില്‍ ലത്തീഫ പറയുന്നത്
1. ദുബായില്‍ നിന്ന് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച തന്നെ സൈന്യമാണ് പിടിച്ചുകൊണ്ടുവന്നത്.
2. തന്നെ മയക്കി കിടത്തിയ ശേഷമാണ് സ്വകാര്യ ജെറ്റില്‍ വീട്ടിലേക്ക് കൊണ്ടുപോയത്. ദുബായില്‍ ഇറങ്ങുന്നത് വരെ തനിക്ക് ബോധം വന്നിരുന്നില്ല.
3. കനത്ത പൊലീസ് കാവലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. വീടിന്റെ ജനലും വാതിലും അടച്ചുപൂട്ടിയിട്ടു. വൈദ്യ സഹായമോ നിയമപരമായ സഹായമോ ലഭിച്ചില്ല. തന്റെ അടുത്ത സുഹൃത്തിനോടാണ് ലത്തീഫ തടവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.
കുടുംബത്തിന്റെ പീഡനങ്ങളെ തുടര്‍ന്ന് ബോട്ടില്‍ ദുബായില്‍ നിന്ന് രക്ഷപ്പെട്ട ലത്തീഫ ഇന്ത്യയിലെത്തി യു.എസിലേക്ക് പോകാന്‍ ശ്രമിക്കവെ മുംബൈ തീരത്ത് വെച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി ദുബായ് ഭരണാധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Princess Latifa ‘being cared for at home’- Dubai royal family