| Friday, 6th July 2018, 11:09 am

നവംബറില്‍ അറസ്റ്റിലായ സൗദിയിലെ പല രാജകുമാരന്മാരും ഉദ്യോഗസ്ഥരും ഇപ്പോഴും ജയിലില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: അഴിമതിയ്‌ക്കെതിരെയുളള പോരാട്ടം എന്ന പറഞ്ഞ് അറസ്റ്റു ചെയ്ത സൗദി രാജകുടുംബത്തിലെ രാജകുമാരന്മാരും ഉദ്യോഗസ്ഥരും ഇപ്പോഴും തടവിലെന്ന് റിപ്പോര്‍ട്ട്. പലരും കസ്റ്റഡിയില്‍ കഴിയുന്നത് ബന്ധുക്കളുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാന്‍ കഴിയാതെയാണെന്നും കസ്റ്റഡിയിലുള്ളവരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കസ്റ്റഡിയിലുള്ളവരില്‍ മിക്കയാളുകള്‍ക്കുമെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുമായി അടുപ്പമുള്ളവരും പറയുന്നത്. ചിലയാളുകള്‍ക്ക് വളരെ മോശം പരിഗണനയാണ് തടവറയില്‍ ലഭിക്കുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Also Read:“ത്രിപുരയില്‍ സന്തോഷം അലയടിക്കുകയാണ്; നിങ്ങളും പങ്കുചേരൂ”: ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ബിപ്ലബ് ദേബിന്റെ മറുപടി


തടവില്‍ കഴിയുന്നവരില്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും മുന്‍ റിയാദ് ഗവര്‍ണറും മുന്‍ രാജാവ് അബ്ദുള്ളയുടെ മകനുമായ പ്രിന്‍സ് തുര്‍കി ബിന്‍ അബ്ദുള്ളയുമുണ്ട്.

അടുത്തിടെ സൗദിയിലെ പ്രമുഖ ബാങ്കിങ് ഗ്രൂപ്പായ മഹ്ഫൗസ് കുടുംബത്തില്‍ നിന്നും മൂന്ന് കോടീശ്വരന്മാരെ കാരണമൊന്നും പറയാതെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ സൗദി സര്‍ക്കാര്‍ വക്താവ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.


Also Read:ബെല്‍ജിയത്തിനെതിരെ ഹാട്രിക്ക് നേടൂ; നെയ്മര്‍ക്ക് റഷ്യന്‍ മേയറുടെ വമ്പന്‍ ഓഫര്‍


സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിട്ട “അഴിമതി വിരുദ്ധ പദ്ധതി” യുടെ ഭാഗമായാണ് നവംബറില്‍ നിരവധി മുന്‍നിര ബിസിനസുകാരെയും മന്ത്രിമാരേയും രാജകുടുംബാംഗങ്ങളേയും അറസ്റ്റു ചെയ്തത്. തട്ടിപ്പ്, കൈക്കൂലി, ഉദ്യോഗസ്ഥരെ ചൂഷണം ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

പിന്നീട് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് മിക്കയാളുകളെയും വെറുതെ വിട്ടു. സൗദി ബിസിനസുകാരന്‍ പ്രിന്‍സ് അല്‍വീദ് ബിന്‍ തലാല്‍ ഇത്തരത്തില്‍ പുറത്തിറങ്ങിയിരുന്നു.


Also Read:രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്നയാള്‍; ലഹരി പരിശോധനയില്‍ പിടിക്കപ്പടും: സുബ്രഹ്മണ്യന്‍ സ്വാമി


ഒത്തുതീര്‍പ്പിന്റെ ഭാഗമായി രാജ്യത്തിന് 100 ബില്യണ്‍ ഡോളര്‍ പിടിച്ചെടുക്കാനായി എന്നാണ് സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ക്ക് സൗദ് അല്‍ മൊജബ് ജനുവരിയില്‍ അവകാശപ്പെട്ടത്.

അതേസമയം, സൗദിയില്‍ രാഷ്ട്രീയ, സാമ്പത്തിക അധികാരമുറപ്പിക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു അറസ്റ്റെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more