ഏഷ്യയെയും ആഫ്രിക്കയെയും പോലെ 'യൂറോപ്പില്‍ യുദ്ധവും രക്തച്ചൊരിച്ചിലുമൊന്നും ഉണ്ടാകാറില്ല'; ഉക്രൈന്‍ വിഷയത്തില്‍ വംശീയ കമന്റുമായി വില്യം രാജകുമാരന്‍
World News
ഏഷ്യയെയും ആഫ്രിക്കയെയും പോലെ 'യൂറോപ്പില്‍ യുദ്ധവും രക്തച്ചൊരിച്ചിലുമൊന്നും ഉണ്ടാകാറില്ല'; ഉക്രൈന്‍ വിഷയത്തില്‍ വംശീയ കമന്റുമായി വില്യം രാജകുമാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 1:43 pm

ലണ്ടന്‍: റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ വംശീയമായി കമന്റ് ചെയ്ത ബ്രിട്ടണിലെ വില്യം രാജകുമാരനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ലണ്ടനിലെ ഉക്രൈനിയന്‍ കള്‍ചറല്‍ സെന്ററില്‍ വ്യാഴാഴ്ച സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു വില്യമിന്റെ വിവാദ കമന്റ്.

ഉക്രൈനിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കവെ യൂറോപ്പില്‍ യുദ്ധവും രക്തച്ചൊരിച്ചിലുമൊന്നും തീരെ പരിചയമില്ലാത്ത കാര്യങ്ങളാണ്, എന്ന തരത്തില്‍ വില്യം പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

”യൂറോപ്പില്‍ യുദ്ധവും രക്തച്ചൊരിച്ചിലുമൊക്കെ കാണുന്നത് വളരെ അന്യമാണ്, അപരിചിതമാണ്. ഞങ്ങളെല്ലാം ഉക്രൈന് ഒപ്പമുണ്ട്,” (It’s very alien to see war and bloodshed in Europe. We are all behind you) എന്നായിരുന്നു വില്യമിന്റെ കമന്റ്.

കമന്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ആഫ്രിക്കയും ഏഷ്യയും അടക്കമുള്ള ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ക്ക് യുദ്ധം എന്നത് പരിചിതമായ കാര്യമാണ് എന്ന രീതിയില്‍ വംശീയ പരാമര്‍ശമാണ് വില്യം നടത്തിയതെന്നാണ് വലിയൊരു വിഭാഗം പറയുന്നത്.

ബ്രിട്ടണ്‍ തന്നെ ഒരു കോളനൈസര്‍, അധിനിവേശ രാജ്യമായിരുന്നെന്നും യുദ്ധങ്ങളിലൂടെയും വംശഹത്യകളിലൂടെയുമാണ് ഇന്നത്തെ ബ്രിട്ടണെ പടുത്തുയര്‍ത്തിയതെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തുന്നതും ലക്ഷക്കണക്കിന് ഉക്രൈന്‍ പൗരന്മാര്‍ പലായനം ചെയ്യുന്നതുമായ കാര്യങ്ങളില്‍ വിവിധ കോണുകളില്‍ നിന്നും മുമ്പും വംശീയമായ രീതിയില്‍ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉക്രൈന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ മുഖ്യധാരാ പാശ്ചാത്യ മാധ്യമങ്ങള്‍ വംശീയത പറയുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു.

പരിഷ്‌കൃതമായ ഒരു യൂറോപ്യന്‍ നഗരത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും പലായനം ചെയ്യുന്നവര്‍ വെളുത്തവരാണെന്നും അവര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നോ വടക്കന്‍ ആഫ്രിക്കയില്‍ നിന്നോ ഉള്ളവരെ പോലെയല്ല എന്നും അഭയാര്‍ത്ഥി കവറേജിനിടെ വിവിധ മാധ്യമങ്ങളിലെ അവതാരകരും റിപ്പോര്‍ട്ടര്‍മാരും പറഞ്ഞതായി തെളിവുകള്‍ സഹിതം പുറത്തുവന്നിരുന്നു.

ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈന്‍ അധിനിവേശവും ആക്രമണവും ആരംഭിച്ചത്. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും, സമാധാന ചര്‍ച്ചകള്‍ പലവട്ടം നടന്നിട്ടും ഇരുരാജ്യങ്ങളും ഇതുവരെ സന്ധിയിലെത്തിയിട്ടില്ല.


Content Highlight: Prince William under fire over racist comment on Ukraine crisis