| Sunday, 26th July 2020, 9:00 pm

'തിരക്കു പിടിക്കേണ്ട, അവളെക്കുറിച്ചറിയാന്‍ വേണ്ട സമയമെടുക്കൂ'; മേഗനുമായുള്ള ഹാരിയുടെ പ്രണയമറിഞ്ഞ വില്യം രാജകുമാരന്‍ പറഞ്ഞത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരന്‍ ഹാരിയും അമേരിക്കന്‍ ടെലിവിഷന്‍ നടിയായിരുന്ന മേഗന്‍ മര്‍ക്കലും തമ്മിലുള്ള വിവാഹത്തിനു ശേഷമുള്ള വിവാദങ്ങള്‍ തുടരുന്നു.

മേഗനെ വിവാഹം കഴിക്കാന്‍ ഹാരി ഒരുങ്ങിയപ്പോള്‍ ഹാരിയുടെ ജേഷ്ഠന്‍ ആയ വില്ല്യം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

മേഗന്റെയും ഹാരിയുടെയും പ്രണയവും രാജകുടുംബത്തിലെ കുറച്ചു നാളത്തെ ജീവിതവും സംബന്ധിച്ച് പുറത്തു വരുന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

മേഗന്‍ അമേരിക്കയിലെ ടെലിവിഷന്‍ നടിയായിരുന്ന സമയത്താണ് ഹാരിയുമായി പ്രണയത്തിലാവുന്നത്. ഇരുവരുടെയും പ്രണയ വിവരമറിഞ്ഞ വില്യം രാജകുമാരന്‍ ഇക്കാര്യത്തില്‍ തിരക്കു പിടിക്കേണ്ടെന്നും ഈ പെണ്‍കുട്ടിയെക്കുറിച്ചറിയാന്‍ ആവശ്യമുള്ള സമയമെടുത്തോളൂ എന്നുമാണ് ഹാരിയോട് പറഞ്ഞത്. ജേഷ്ഠന്റെ ഈ ഉപദേശം ഹാരിക്കു രസിച്ചില്ലെന്നും പുസ്തകത്തിലുണ്ട്.

ഇരുവരുടെയും ജീവിത കഥ പറയുന്ന പുസ്തകമായ ഫൈന്‍ഡിംഗ് ഫ്രീഡം ഹാരി ആന്റ് മേഗന്‍ ആന്റ് ദ മേക്കിംഗ് ഓഫ് മോഡേണ്‍ റോയല്‍ ഫാമിലി എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ ഉള്ളത്. പുസ്തകം ആഗസ്റ്റ് 11 നാണ് പുറത്തിറങ്ങുന്നത്.

പുസ്തകത്തിന്റെ എഴുത്തുകാരിലൊരാളായ ഒമിഡ് സ്‌കോബി ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ അടുത്തിടെ പറഞ്ഞത് ആരും പ്രതീക്ഷിക്കാത്ത പലതരം ട്വിസ്റ്റുകളും വഴിത്തിരിവുകളും ഇരുവരുടെയും രാജകുടുംബ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.

റോയല്‍ റിപ്പോര്‍ട്ടേര്‍സായ ഒമിഡ് സ്‌കോബി, കരോലിന്‍ ദുരന്റ് എന്നിവരാണ് ജീവചരിത്രം എഴുതുന്നത്. രണ്ടു വര്‍ഷമായി ഇവര്‍ ഇതിന്റെ പണിപ്പുരയിലായിരുന്നു. ഹാര്‍പര്‍ കോളിന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

എല്ലാ രാജകുടുംബ ശീലങ്ങളെയും കാറ്റില്‍ പറത്തിയുള്ള മേഗന്റെയും ഹാരിയുടെയും വിവാഹം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തുടര്‍ന്നിങ്ങോട്ട് നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ട ഇരുവരും അടുത്തിടെ രാജകീയ പദവികളില്‍ നിന്നും ഒഴിയുകയും യു.എസിലേക്ക് താമസം മാറുകയും ചെയ്തു.

ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഗനു നേരെ നിരന്തരം ടാബ്ലോയിഡ് പത്രങ്ങളുടെ ആക്രമണങ്ങള്‍ വന്നിരുന്നു. വിവാഹ മോചിത, ആഫ്രിക്കന്‍ പാരമ്പര്യം,ബ്രിട്ടീഷ് കുടുംബത്തില്‍ നിന്നും പുറത്തുള്ള ആള്‍,ഹാരിയെക്കാളും മൂന്നു വയസ്സു കൂടുതല്‍, അഭിനേത്രി മേഗനും പിതാവും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയ കാരണങ്ങള്‍ മേഗനെതിരെ ഈ മാധ്യമങ്ങള്‍ ആയുധമാക്കി. ഒരു ഘട്ടത്തില്‍ ഹാരി മാധ്യമങ്ങളുടെ ആക്രമണത്തിനെതിരെ ക്ഷുഭിതനാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 31 ന് ബ്രിട്ടന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഇരുവരും പടിയിറങ്ങിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ പിന്നീട് യു.എസിലേക്ക് തമാസം മാറുകയായിരുന്നു. ഇതിനു പിന്നാലെ മേഗന്റയും ഹാരിയുടെയും രാജപദവികള്‍ റദ്ദാക്കിയതായി ബ്രിട്ടീഷ് രാജകുംടുംബം അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more