കാലിഫോര്‍ണിയ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘സ്പെയര്‍’ എന്ന ആത്മകഥയിലെ വെളിപ്പെടുത്തലുകളെ ചുറ്റിപ്പറ്റിയാണ് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകള്‍.
അഫ്ഗാനിസ്ഥാനിലെ സൈനിക സേവനത്തിനിടെ 25 പേരെ ഹാരി രാജകുമാരന്‍കൊന്നതായി തന്റെ ഓര്‍മക്കുറിപ്പില്‍ വെളിപ്പെടുത്തുന്നുണ്ട്. 25 പേരെ കൊലപ്പെടുത്തിയതിനെ ചെസ്സ് ബോര്‍ഡിലെ കരുക്കള്‍ നീക്കിയതുപോലെയാണ് അദ്ദേഹം അത്മകഥയില്‍ വിശേഷിപ്പിക്കുന്നതെന്നാണ് വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹാരി രാജകുമാരന്റെ ഈ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താലിബാന്‍ നേതാവ് അനസ് ഹഖാനി. ഹാരി രാജകുമാന്‍ കൊന്നത് ചെസ് പീസുകളെയല്ല, മറിച്ച് മനുഷ്യരാണെന്നാണ് അനസ് ഹഖാനി പറയുന്നത്. സ്പെയറിന്റെ കവര്‍ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മിസ്റ്റര്‍. ഹാരി! നിങ്ങള്‍ കൊന്നത് ചെസ്സ് പീസുകളല്ല, അവര്‍ മനുഷ്യരായിരുന്നു, തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.
നിങ്ങള്‍ പറഞ്ഞത് സത്യമാണ്, ഞങ്ങളുടെ നിരപരാധികളായ ജനങ്ങള്‍ നിങ്ങളുടെ സൈനികര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ചെസ്സ് പീസുകളായിരുന്നു.
ഇ വിഷയത്തില്‍ ഐ.സി.സി(ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി) നിങ്ങളെ വിളിക്കുമെന്നോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിക്കുമെന്നോ പ്രതീക്ഷിക്കുന്നില്ല, കാരണം ഈ വെളിപ്പെടുത്തലില്‍ അവര്‍ ബധിരരും അന്ധരുമാണ്,’ അനസ് ഹഖാനി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരായ രണ്ട് സൈനിക ഡ്യൂട്ടി ടൂറുകള്‍ ഹാരി രാജകുമാരന്‍ ഭാഗമായിരുന്നു. 2007-2008 കാലഘട്ടത്തില്‍ ഫോര്‍വേഡ് എയര്‍ കണ്‍ട്രോളറായിരുന്ന ഹാരി 2012-2013 കാലഘട്ടത്തില്‍ സൈനിക ഹെലികോപ്റ്ററിന്റെ ചുമതല വഹിക്കുകയും ചെയ്തിരുന്നു.
ഒരു പൈലറ്റെന്ന നിലയില്‍ ആറ് സൈനിക ദൗത്യങ്ങളുടെ ഭാഗമായിരുന്നുവെന്ന് ജനുവരി എട്ടിന് പുറത്തിറങ്ങുന്ന തന്റെ ആത്മകഥയില്‍ ഹാരി പറയുന്നുണ്ട്. ഇതിനിടെയുണ്ടായ കൊലപാതങ്ങളില്‍ തനിക്ക് അഭിമാനമോ ലജ്ജയോ ഇല്ലെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ടെന്നും ഡെയ്ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.