കാലിഫോര്‍ണിയ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഭാര്യയായ മേഗന്‍ മെര്‍ക്കലിനെ കുറിച്ച് തര്‍ക്കിച്ചുകൊണ്ട് സഹോദരനും പ്രിന്‍സ് ഓഫ് വെയ്ല്‍സുമായ വില്യം രാജകുമാരന്‍ തന്നെ ആക്രമിച്ചതിനെ കുറിച്ച് ഹാരി പുസ്തകത്തില്‍ പറയുന്ന ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്.
ദി ഗാര്‍ഡിയനാണ് ആത്മകഥയിലെ ഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി പത്തിനാണ് ആത്മകഥയായ സ്‌പെയര്‍(Spare) പുറത്തിറങ്ങുക.
2019ല്‍ ലണ്ടനിലെ വസതിയില്‍ വെച്ചാണ് സംഭവം നടന്നതെന്നാണ് ഹാരിയുടെ പുസ്തകത്തിലുള്ളത്. മേഗന്‍ അപമര്യാദയായി പെരുമാറുന്നയാളാണെന്നും അപരിഷ്‌കൃതയാണെന്നും പറഞ്ഞ വില്യം അവര്‍ മറ്റുള്ളവരെ പരിഗണിക്കുന്നേയില്ലെന്നും കുറ്റപ്പെടുത്തിയെന്നും ഹാരി പറയുന്നു.
ഈ സംഭാഷണം വാക്കേറ്റത്തിലെത്തുകയും ഒടുവില്‍ കൈവിട്ടു പോകുകയായിരുന്നുവെന്നും ഹാരി പറയുന്നുണ്ട്. ‘എന്റെ അമേരിക്കന്‍ ഭാര്യയെ കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയായിരുന്നു വില്യം,’ ഹാരി പറയുന്നു.
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ‘വില്യം വലിയ ദേഷ്യത്തിലായി. എന്റെ ഷര്‍ട്ടിന്റെ കോളറിന് കടന്നുപിടിച്ച് മാല പൊട്ടിക്കുകയും എന്നെ താഴേക്ക് തള്ളിയിടുകയും ചെയ്തു. പട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ വെച്ചിരുന്ന പാത്രത്തിന് മുകളിലേക്ക് ഞാന്‍ വീണു. ആ പാത്രം പൊട്ടി എന്റെ പുറത്ത് ചില ഭാഗങ്ങള്‍ തറച്ചുകയറി. കുറച്ച് സമയം എനിക്കാകെ തല ചുറ്റിപ്പോയി. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വില്യമിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു,’ എന്നും ആത്മകഥയില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്.
2018ല്‍ വിവാഹം നടന്ന് വൈകാതെ തന്നെ, രാജപദവികളെല്ലാം ഉപേക്ഷിച്ച ഹാരിയും മേഗനും കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും താമസം മാറിയിരുന്നു. ഇതിന് പിന്നാലെ രാജകുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന വിവിധ വിവേചനങ്ങളെ കുറിച്ച് ഇരുവരും തുറന്നുപറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2021ല്‍ ഓപ്ര വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തലുകള്‍.
ഇരുവരുടെയും ജീവിതത്തെ ആസപ്ദമാക്കി അടുത്തിടെ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരിസും ചര്‍ച്ചയായിരുന്നു. സ്‌പെയര്‍ കൂടി പുറത്തിറങ്ങുന്നതോടെ വീണ്ടും വാദപ്രതിവാദങ്ങള്‍ ഉടലെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
സ്‌പെയര്‍ എന്ന തലക്കെട്ട് തന്നെ ബ്രിട്ടീഷ് രാജകുടുംബത്തെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജകുടുംബങ്ങളില്‍ ആദ്യ മകന് എല്ലാ പരിഗണനയും ലഭിക്കുമ്പോള്‍, അയാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മാത്രം ഉപയോഗിക്കാനുള്ളത് എന്ന നിലയില്‍ ‘സ്പയെറായാണ്’ രണ്ടാമത്തെ മകനെ കാണുന്നത് എന്ന് പറയാറുണ്ട്. ഈ അര്‍ത്ഥത്തിലാണ് ഹാരി ആത്മകഥക്ക് ഈ പേര് നല്‍കിയിട്ടുള്ളത്. ഇതാണ് രാജകുടുംബത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
Content Highlight: Prince Harry reveals Prince William attacked him physically once in 2019