| Monday, 22nd February 2021, 9:05 am

ഇനിയൊരു മടങ്ങിവരവുണ്ടാകില്ലെന്ന് ഹാരിയും മേഗനും; എങ്കില്‍ പദവികള്‍ വിട്ടൊഴിയൂ എന്ന് എലിസബത്ത് രാജ്ഞി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗത്വവും ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും സ്ഥിരമായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് എക്കാലത്തേക്കുമായി ഈ തീരുമാനം പിന്തുടരുമെന്ന് ഹാരിയും മേഗനും അറിയിച്ചത്.

ഇരുവരും തീരുമാനം അറിയിച്ചതിന് പിന്നാലെ രാജകുടുംബത്തിന്റെ ഭാഗമായ പേരുകളും പദവികളും ഉപേക്ഷിക്കാന്‍ എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു. ഡ്യൂക് ആന്റ് ഡച്ചസ് ഓഫ് സസെക്‌സ് എന്ന പദവിയിലായിരുന്നു ഹാരിയും മേഗനുമുണ്ടായിരുന്നത്.

ഔദ്യോഗിക പദവികളുടെ പിന്‍ബലമില്ലാതെ തന്നെ ബ്രിട്ടണും ലോകം മുഴുവനും വേണ്ടി സേവനം ചെയ്യാനാകുമെന്ന് ഹാരിയുടെയും മേഗന്റെയും വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാരിയുടെയും മേഗന്റെയും തീരുമാനം ഏറെ വേദനിപ്പിക്കുന്നെന്നും ഇരുവരും രാജകുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളായി തന്നെ തുടരുമെന്നുമാണ് ബ്രിട്ടീഷ് രാജകുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

രാജകുടുംബത്തിന്റെ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്നും സാമ്പത്തികമായി സ്വാതന്ത്രം നേടാനാഗ്രഹിക്കുന്നെന്നും അറിയിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം ഹാരിയും മേഗനും ബ്രിട്ടണ്‍ വിട്ടത്.

പ്രഖ്യാപനത്തിനു പിന്നാലെ മേഗന്‍ കാനഡയിലേക്ക് മടങ്ങുകയും ചെയ്തു. നിലവില്‍ ഹാരിയും മേഗനും അമേരിക്കയിലാണ് താമസമാക്കിയിരിക്കുന്നത്. എലിസബത്ത് രാജ്ഞിയോടു ചോദിക്കാതെയുള്ള ഇരുവരുടെയും പ്രഖ്യാപനം രാജകുടുംബത്തിനുള്ളില്‍ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു.

ഇതിന് പിന്നാലെ രാജകുടുംബത്തില്‍ നിന്നും വിട്ടുനിന്നതിന് ഇരുവര്‍ക്കും പ്രത്യേക പരിഗണനകളും എടുത്തുകളഞ്ഞിരുന്നു. ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ നിന്ന് ഹാരിയുടെയും മേഗന്റെയും മെഴുകു പ്രതിമകള്‍ നീക്കം ചെയ്തു.

രാജകുടുംബത്തില്‍ നിന്നും വിട്ടുനിന്ന് സ്വന്തമായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഇരുവരുടെയും താല്‍പര്യമെന്ന് അന്നുതന്നെ വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഹാരിയും മേഗനും. എന്നാല്‍ അതിനൊപ്പം രാജ കുടുംബവുമായി ഉള്ള പ്രശ്നങ്ങളാണ് മേഗനും ഹാരിയും വിട്ടു നില്‍ക്കാന്‍ കാരണമെന്നുമുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ബ്രിട്ടന്‍ രാജകുടുംബത്തില്‍ അംഗമായതില്‍ പിന്നാലെ മേഗനു നേരെ ബ്രിട്ടീഷ് പാപ്പരാസികള്‍ വംശീയ ആക്രമണങ്ങള്‍ നടത്തുന്നത് സജീവമായിരുന്നു. വിവാഹത്തിനു മുന്‍പ് നടിയായിരുന്ന മേഗന്റെ പഴയകാലത്തെപറ്റിയുള്ള വ്യാജപ്രചരണങ്ങളായിരുന്നു പാപ്പരാസികളുടെ പ്രധാന ആയുധം. മേഗന്റെ ആഫ്രിക്കന്‍ പാരമ്പര്യം, വിവാഹമോചിത, ഹാരിയെക്കാളും പ്രായക്കൂടുതല്‍ തുടങ്ങിയവയും മാധ്യമങ്ങള്‍ മേഗനെതിരെ ഉപയോഗിച്ചു. ഒരു ഘട്ടത്തില്‍ ഹാരി ഇത്തരം മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയതു മുതല്‍ തനിക്കനുഭവിക്കേണ്ട വന്ന ബുദ്ധിമുട്ടുകള്‍ 2019 ല്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി ആഫ്രിക്കന്‍ ജേര്‍ണിയില്‍ മേഗന്‍ തുറന്നു പറഞ്ഞിരുന്നു.

വിവാഹം കഴിക്കുന്നത് ഹാരിയെയാണെന്ന് പറഞ്ഞപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ സന്തോഷിച്ചിരുന്നെന്നും എന്നാല്‍ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ തന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും മേഗന്‍ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് പാപ്പരാസികള്‍ തന്റെ ജീവിതം തകര്‍ത്തുകളയുമെന്നാണ് ഇവര്‍ അതിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നതെന്നും മേഗന്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Prince Harry and Meghan permanently leaves British royal family

We use cookies to give you the best possible experience. Learn more