ലണ്ടന്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചാള്‍സ് രാജകുമാരന്‍. കൊവിഡ് പ്രതിസന്ധിയില്‍ മറ്റുള്ള രാജ്യങ്ങളെ സഹായിച്ച രാജ്യമാണ് ഇന്ത്യയെന്നും ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
‘മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ആ രാജ്യത്തേക്ക് പല വിനോദയാത്രകളും നടത്തിയിട്ടുണ്ട്. കൊവിഡ് രോഗം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ എല്ലാ രാജ്യങ്ങളെയും സഹായിച്ച രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമുക്ക് ഒന്നിച്ച് ഈ യുദ്ധത്തെ നേരിടാം,’ ചാള്‍സ് പറഞ്ഞു.
നേരത്തെ ഇന്ത്യയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. നിലവിലെ ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നുവെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ വോള്‍ക്കന്‍ ബോസ്‌കിര്‍ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ബോസ്‌കിറിന്റെ പ്രതികരണം.
ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നെ ആശങ്കപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ എത്തിക്കാന്‍ മുന്നില്‍ നിന്ന രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം നല്‍കേണ്ട സമയമാണിത്. എല്ലാവരും സുരക്ഷിതരാകുന്നത് വരെ നമുക്ക് പോരാടിയേ മതിയാകൂ,’ ബോസ്‌കിര്‍ ട്വിറ്ററിലെഴുതി.