| Thursday, 4th January 2024, 11:09 pm

ആന്‍ഡ്രൂ രാജകുമാരനെതിരെ ലൈംഗികാതിക്രമ ആരോപണം; ന്യൂയോര്‍ക്ക് കോടതി പുറത്തുവിട്ട രേഖകളില്‍ മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ ഫിനാന്‍ഷ്യര്‍ ജെഫ്രി എപ്സ്‌റ്റൈന് പിന്നാലെ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരനെതിരെയും ലൈംഗികാതിക്രമ ആരോപണം. ബുധനാഴ്ച ലൈംഗിക കുറ്റകൃത്യങ്ങളില്‍ എപ്സ്‌റ്റൈന് സഹായം നല്‍കിയ വ്യക്തികളുടെ പേരടങ്ങിയ പട്ടിക ന്യൂയോര്‍ക്ക് കോടതി പുറത്തുവിട്ടു. ഈ പട്ടികയിലാണ് ആന്‍ഡ്രൂ രാജകുമാരന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്.

ആന്‍ഡ്രൂ രാജകുമാരനെതിരെയുള്ള ആരോപണം മുമ്പ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണം അദ്ദേഹം നിരസിക്കുകയായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകളില്‍ ആന്‍ഡ്രൂ രാജകുമാരനെ കൂടാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെയും പേര് ഉള്‍പ്പെടുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ സീല്‍ ചെയ്യാത്ത കോടതി രേഖകളില്‍ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് 150ഓളം വ്യക്തികളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മറ്റ് രേഖകള്‍ 2019 മുതല്‍ 2022 വരെ കോടതി അണ്‍സീല്‍ ചെയ്തിരുന്നു. രേഖകളില്‍ പറയുന്ന പേരുകള്‍ 14 ദിവസത്തിനുള്ളില്‍ പരസ്യമാക്കണമെന്ന് ന്യൂയോര്‍ക്ക് കോടതിയിലെ ജഡ്ജി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം തങ്ങളുടെ ഐഡന്റിറ്റി പുറത്തുവിട്ടതില്‍ ഏതാനും ചില ആളുകള്‍ പ്രതിഷേധം അറിയിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതിനാല്‍ ഒരു വ്യക്തികള്‍ കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ആരോപിക്കുന്നില്ലെന്നും കോടതി അറിയിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിട്ടിരുന്ന എപ്സ്‌റ്റൈന് 2019ല്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് എപ്സ്‌റ്റൈനെതിരെയുള്ള പ്രോസിക്യൂഷന്‍ അവസാനിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കൃത്രിമ ഫോട്ടോകളും വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസില്‍ അന്വേഷണം പുനരാരംഭിക്കുകയും പുതിയ വെളിപ്പെടുത്തലുകളുമായി കോടതി രംഗത്ത് വരുകയും ചെയ്തത്.

Content Highlight: Prince Andrew accused of sexual assault

We use cookies to give you the best possible experience. Learn more