| Monday, 4th November 2013, 8:28 pm

പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം: പ്രതിഷേധവുമായി രണ്ട് കേന്ദ്ര മന്ത്രിമാര്‍ കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യദല്‍ഹി/ചെന്നൈ: ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത് സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ രണ്ട് കേന്ദ്ര മന്ത്രിമാര്‍ കൂടി രംഗത്ത്.

കേന്ദ്ര മന്ത്രിമാരായ വി.നാരായണ സ്വാമി, ജയന്തി നടരാജന്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

തമിഴ് നാട്ടില്‍ നിന്നുള്ള ഭൂരിഭാഗം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഇതേ അഭിപ്രായമാണുള്ളതെന്ന് നാരായണസ്വാമി പറഞ്ഞു.

ചില മന്ത്രിമാര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും നാരായണസ്വാമി പറഞ്ഞു.

ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെയുണ്ടാവുന്ന് പീഡനങ്ങളും തമിഴ്ജനതയുടെ വികാരവും മാനിച്ച് പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് സമ്മേളനം ബഹിഷ്‌കരിക്കണം. ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രിക്ക് താന്‍ കത്തയക്കും -ജയന്തി നടരാജന്‍ പറഞ്ഞു.

തമിഴരെ കൂട്ടക്കൊല ചെയ്ത ശ്രീലങ്കന്‍ സര്‍ക്കാരിനെ അംഗീകരിക്കരുതെന്ന് തമിഴ്‌നാട് നിയമസഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്തുണച്ച് കൊണ്ട് കേന്ദ്ര മന്ത്രിമാരായ എ.കെ ആന്റണി. പി.ചിദംബരം, ജി.കെ വാസന്‍ എന്നിവര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് തമിഴ് വാര്‍ത്താ അവതാരകയെ ശ്രീലങ്കന്‍ സൈന്യം കൊല്ലുന്ന ദൃശ്യം ചാനല്‍ ഫോര്‍ പുറത്ത് വിട്ടത്. ഇതോടെ ഒരിടവേളക്ക് ശേഷം തമിഴ്-ശ്രീലങ്കന്‍ വിഷയം ദേശീയ തലത്തില്‍ ചൂട് പിടിക്കുകയാണ്.

We use cookies to give you the best possible experience. Learn more