Entertainment news
ഏറ്റവും കൂടുതല്‍ രാജ്യാന്തര പ്രേക്ഷരെ നേടിയെടുത്ത പ്രൈമിലെ രണ്ടാമത്തെ സീരീസ്; സിറ്റാഡലിന് രണ്ടാം സീസണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 26, 07:23 am
Friday, 26th May 2023, 12:53 pm

ഹിറ്റ് സീരീസ് സിറ്റാഡലിന്റെ രണ്ടാം സീസണിനുള്ള കരാര്‍ പുതുക്കിയതായി പ്രൈം വീഡിയോ. സംവിധായകന്‍ ജോ റൂസോയും എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഡേവിഡ് വീലും തന്നെയാണ് രണ്ടാം സീസണും ഒരുക്കുക. റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര, ലെസ്ലി മാന്‍വില്ലെ, സ്റ്റാന്‍ലി ടൂച്ചി എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന സ്പൈ ത്രില്ലര്‍ ഇന്ത്യ, ഇറ്റലി, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യു.കെ, യു.എസ് ഉള്‍പ്പെടെ ലോകമെമ്പാടും വന്‍ വിജയം കൈവരിച്ചു കഴിഞ്ഞു. യു.എസിന് പുറത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പ്രൈം വീഡിയോയുടെ രണ്ടാമത്തെ പുതിയ സീരീസും ലോകത്തെ തന്നെ നാലാമത്തെ സീരീസുമെന്ന ബഹുമതി സിറ്റാഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

മേയ് 26 മുതല്‍ പ്രൈം വീഡിയോ അംഗങ്ങള്‍ക്ക് സീരീസിന്റെ എല്ലാ എപ്പിസോഡും ലഭ്യമാകും. മേയ് 26 മുതല്‍ 28 വരെ സിറ്റാഡലിന്റെ ആദ്യ എപ്പിസോഡ് പ്രൈം വീഡിയോ അംഗത്വമില്ലാത്തവര്‍ക്കും സൗജന്യമായി കാണാന്‍ അവസരമുണ്ടാകും.

യു.എസിന് പുറത്ത് 240ലേറെ രാജ്യങ്ങളിലാണ് ഇത് ലഭ്യമാകുക. യു.എസില്‍ മാത്രം മേയ് 26 മുതല്‍ ഒരു മാസത്തേക്ക് ആമസോണ്‍ ഫ്രീവീയില്‍ ആദ്യ എപ്പിസോഡ് സൗജന്യമായി കാണാന്‍ അവസരമുണ്ടാകും. സിറ്റാഡല്‍ ആഗോള പ്രതിഭാസമാണെന്ന് ആമസോണ്‍, എം.ജി.എം. സ്റ്റുഡിയോ മേധാവി ജെന്നിഫര്‍ സാല്‍ക്കെ പറഞ്ഞു.

‘പ്രൈം വീഡിയോയുടെ രാജ്യാന്തര പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ഒറിജിനല്‍ ഐ.പിയില്‍ വേരൂന്നിയ ഒരു പുതിയ ഫ്രാഞ്ചൈസി സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. സിറ്റാഡല്‍ പ്രൈം വീഡിയോയിലേക്ക് ഒട്ടനവധി പുതിയ രാജ്യാന്തര ഉപഭോക്താക്കളെ ആകര്‍ഷിച്ചു. ജോയുടെയും ആന്റണി റുസ്സോയുടെയും ദീര്‍ഘവീക്ഷണം, റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര, ലെസ്ലി മാന്‍വില്ലെ, സ്റ്റാന്‍ലി ടൂച്ചി എന്നിവരുടെ അവിശ്വസനീയമായ അഭിനയം, മറ്റ് അണിയറ പ്രവര്‍ത്തകരുടെ അശ്രാന്ത പ്രവര്‍ത്തനം എന്നിവയുടെ തെളിവാണ് സിറ്റാഡല്‍ കൈവരിച്ച നേട്ടം,’ ജെന്നിഫര്‍ സാല്‍ക്കെ പറഞ്ഞു.

Content Highlight: Prime Video renews contract for second season of hit series Citadel