|

നാളെ ഇന്ത്യയുടെ 'വിധി നിര്‍ണയിക്കുന്നത്' മോദി; നാലാം ടെസ്റ്റിനായി പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തും

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തേയും അവസാനത്തേയും മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും അഹമ്മദാബാദിലെത്തും. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി നിലവില്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിലാണ്. ചരിത്ര പ്രാധ്യാന്യമുള്ള ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കാണുന്നതിനായി അദ്ദേഹം തന്റെ ഷെഡ്യൂള്‍ റീ ചാര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും മത്സരത്തില്‍ ടോസ് ഇടുക എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

നാളെ നടക്കുന്ന മത്സരം കാണാന്‍ ഒരു ലക്ഷത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 1,32,000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് സംഘാടകരുടെ കണക്കുപ്രകാരം കാണികളെത്തിയാല്‍ പുതിയൊരു ചരിത്രവും സൃഷ്ടിക്കപ്പെടും.

ഒരു ടെസ്റ്റ് മാച്ചിന്റെ ആദ്യ ദിവസം ഏറ്റവുമധികം കാണികളുള്ള മത്സരം എന്ന റെക്കോഡ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ നാലാം മത്സരത്തിന് ലഭിക്കും. മെല്‍ബണില്‍ വെച്ച് നടന്ന 2013/14 സീസണിലെ ആഷസ് മത്സരം നേരിട്ട കണ്ട 91,112 ആണ് നിലവിലെ റെക്കോഡ് അറ്റന്‍ഡന്‍സ്.

കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് ഐ.പി.എല്‍ 2022 ഫൈനല്‍ മത്സരം ഒരു ലക്ഷത്തിലധികം ആളുകളാണ് നേരിട്ട് കണ്ടത്.

നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്ന് മത്സരം കഴിഞ്ഞപ്പോള്‍ 2-1ന് ഇന്ത്യ മുമ്പിലാണ്. ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഇന്ത്യക്ക് മൂന്നാം ടെസ്റ്റില്‍ അടിതെറ്റുകയായിരുന്നു.

ഇന്‍ഡോറില്‍ വെച്ച് നടന്ന മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തായിരുന്നു കങ്കാരുക്കളെ നയിച്ചത്.

നാലാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. നാലാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കാന്‍ ഓസീസ് ഒരുങ്ങുമ്പോള്‍ കളി ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Content Highlight: Prime Ministers of India & Australia will attend BGT 4th test