[]ന്യൂദല്‍ഹി: ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ (ചോഗം) പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല.
തീരുമാനമെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനം മാറ്റി വച്ചത്.
ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന വംശീയ പ്രശ്‌നങ്ങളും പീഡനങ്ങളും കണക്കിലെടുത്ത് പ്രധാനമന്ത്രി കൊളംബോ സന്ദര്‍ശനം ഒഴിവാക്കണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു.
കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, പി. ചിദംബരം എന്നിവരുള്‍പ്പെടെ നിരവധി മന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രമേയവും അവതരിപ്പിച്ചിരുന്നു.
കോര്‍ കമ്മറ്റി യോഗത്തില്‍ പി.ചിദംബരം, എ.കെ ആന്റണി തുടങ്ങിയവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം മാനിക്കണമെന്ന് കേന്ദ്ര മന്ത്രി എ.കെ ആന്റണി പറഞ്ഞു. സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഡി.എം.കെ നേതാവ് കരുണാനിധിയും ആവശ്യപ്പെട്ടു.