ന്യൂദല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം. സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവുമാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
ന്യൂദല്‍ഹിയില്‍ ദേശീയ വികസന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും ഇതിനെ ചെറുക്കാന്‍ നടപടിയെടുക്കണം. പ്രധാനമന്ത്രി പറഞ്ഞു.[]
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ലൈംഗികാതിക്രമ കേസുകളിലെ നിയമങ്ങള്‍ പുന:പരിശോധിക്കുമെന്നും ശിക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതായി സിങ്കപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പരമാവധി ഒഴിവാക്കി രാത്രി 10.30ന് ആശുപത്രി പരിസരത്തേക്ക് രണ്ട് ആംബുലന്‍സ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും മാറ്റിയത്.
തുടര്‍ന്ന് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ എയര്‍ ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് മാറ്റിയത്.
അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനുമതിയോടെയാണ് സിംഗപ്പൂരിലേക്ക് മാറ്റിയത്. ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സിംഗപ്പൂരിലേക്ക് പോയിട്ടുണ്ട്.