ഓടി നടന്ന് തറക്കല്ലിട്ടും റാലിയില്‍ പങ്കെടുത്തും മോദി: അഞ്ച് ദിവസത്തിനുള്ളില്‍ സന്ദര്‍ശിക്കുന്നത് പത്ത് സംസ്ഥാനങ്ങള്‍
national news
ഓടി നടന്ന് തറക്കല്ലിട്ടും റാലിയില്‍ പങ്കെടുത്തും മോദി: അഞ്ച് ദിവസത്തിനുള്ളില്‍ സന്ദര്‍ശിക്കുന്നത് പത്ത് സംസ്ഥാനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th February 2019, 3:43 pm

ന്യദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 8 മുതലുള്ള അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് പത്ത് സംസ്ഥാനങ്ങളാണ്. ശനിയാഴ്ച പശ്ചിമ ബംഗാളിലെത്തുന്ന മോദി ഞായറാഴ്ച ജമ്മുകാശ്മീരാണ് സന്ദര്‍ശിക്കുന്നത്.

ഫെബ്രുവരി എട്ടിന് മാത്രം മൂന്ന് സംസ്ഥാനങ്ങളില്‍ മോദി എത്തുന്നുണ്ട്. ചത്തീസ്ഗഡിലെ റായ്ഗറിലാണ് മോദിയുടെ ആദ്യ റാലി. അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍വിയേറ്റുവാങ്ങിയതിന് ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത്. ഇതിന് പിന്നാലെ പശ്ചിമബംഗാളില്‍ മോദി എത്തും. കഴിഞ്ഞയാഴ്ചയും മോദി പശ്ചിമബംഗാളില്‍ എത്തിയിരുന്നു. ഇതിന് ശേഷം ആസ്സാമിലേക്ക് തിരിക്കുന്ന മോദി അവിടെ തങ്ങും.


സീ ഫുഡ് അലര്‍ജി; സോനു നിഗത്തിന്റെ ആശുപത്രി ചിത്രങ്ങള്‍ വൈറല്‍


ഫെബ്രുവരി 9 ന് ഗുവാഹത്തിയിലെത്തുന്ന മോദി, ബ്രഹ്മപുത്ര നദിക്ക് കുറകെയായി നിര്‍മിക്കുന്ന പാലത്തിന്റെ തറക്കല്ലിടല്‍ നടത്തും. പുതിയ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇവിടെ മോദി നിര്‍വഹിക്കും. ഇതിന് പിന്നാലെ അരുണാചല്‍ പ്രദേശിലേക്ക് പോകുന്ന മോദി അവിടെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് തറക്കല്ലിടും. ഇതിന് ശേഷം ത്രിപുരയിലെത്തുന്ന മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.

പിറ്റേ ദിവസം തമിഴ്‌നാട്ടിലെ തിരുപൂരിലും കര്‍ണാടകയിലെ ഹബ്ബാലിയിലും നടക്കുന്ന തെരഞ്ഞെടുപ്പുറാലികളില്‍ പങ്കെടുക്കും. ഇതേ ദിവസം തന്നെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നടക്കുന്ന റാലിയിലും മോദി എത്തും.

ഫെബ്രുവരി 11 ന് യു.പിയിലെ മധുരയിലെത്തുന്ന മോദി അക്ഷയപാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 12 ന് ഹരിയാനയിലെത്തുന്ന മോദി സ്വച്ഛ് ശക്തി പരിപാടിയിലും പങ്കെടുക്കും.