|

അര്‍ബന്‍ നക്‌സലുകള്‍ ഇപ്പോഴുമുണ്ട്, വികസനത്തിന് എതിരുനില്‍ക്കാന്‍ പ്രകൃതിയെ കൂട്ടുപിടിക്കുന്നത് ശരിയല്ല: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അര്‍ബന്‍ നക്‌സലുകളും വികസന വിരോധികളും രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി വരുന്ന ആധുനിക വികസന പദ്ധതികള്‍ക്ക് എതിരു നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നര്‍മദ നദിയില്‍ നിര്‍മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വൈകിപ്പിക്കാനുള്ള കാരണം ഇത്തരക്കാരുടെ ഇടപെടലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ലോകബാങ്കിനെയും ഉന്നത ജുഡീഷ്യറിയെയും പോലും സ്വാധീനിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുമെന്നും അവരുടെ ഗൂഢാലോചനകളില്‍ കുടുങ്ങരുതെന്നും മോദി മുന്നറിയിപ്പ് നല്‍കി.

‘അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അതിവേഗം പാരിസ്ഥിതിക അനുമതി നല്‍കണം. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്ന ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ നിര്‍ത്തിയതിന് അര്‍ബന്‍ നകസലുകളും ചില ആഗോള സ്ഥാപനങ്ങളും കാരണമാണ്.
ലോകബാങ്കിനെയും ഉന്നത ജുഡീഷ്യറിയെയും പോലും സ്വാധീനിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. അവരുടെ ഗൂഢാലോചനകളില്‍ കുടുങ്ങരുത്.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിലായിരുന്നു കോമ്#ഫറന്‍സ് നടന്നത്. സംസ്ഥാനത്തെ പരിസ്ഥിതി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയായിരുന്നു കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

‘പരിസ്ഥിതിയുടെ പേരില്‍ ആധുനിക ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഇല്ലാതായത് ഞാന്‍ കണ്ടതാണ്. നിങ്ങളെല്ലാവരുമുള്ള ഏക്താ നഗര്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. എങ്ങനെയാണ് അര്‍ബന്‍ നക്‌സലുകളും വികസന വിരോധികളും ഈ സര്‍ദാര്‍ സരോവര്‍ ഡാം എന്ന ഈ പദ്ധതിയെ എങ്ങനെ ഇല്ലാതാക്കി എന്ന് വ്യക്തമായി മനസിലാക്കാം. രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ തന്നെ ഡാമിനായി തറക്കല്ലിട്ടിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ ലാല്‍ നെഹ്‌റുവാണ് തറക്കല്ലിട്ടത്. എന്നാല്‍ ഇതിനെതിരെ അര്‍ബന്‍ നക്‌സലുകള്‍ എത്തുകയും പദ്ധതി പ്രകൃതിക്ക് ദോഷം ചെയ്യുമെന്നും പറഞ്ഞു. ഇത് സംബന്ധിച്ച് അന്ന് ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു.

പദ്ധതി പിന്നീട് ഇവര്‍ തടയുകയായിരുന്നു. നെഹുറുവിന്റെ കാലത്ത് നിര്‍ത്തിവെച്ച പദ്ധതി പിന്നീട് ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഞാന്‍ എത്തിയതിന് പിന്നാലെയാണ് പൂര്‍ത്തിയാകുന്നത്. രാജ്യത്തിന്റെ ഒരുപാട് ഫണ്ട് ഇതുവഴി പാഴായിപോയിരുന്നു. ,’ മോദി പറയുന്നു.

പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്ന് പദ്ധതിക്കെതിരെ ധാരാളം വ്യാജപ്രചരണങ്ങള്‍ നടത്തിയിരുന്നു. അതൊക്കെ കാലം പിന്നീട് തെളിയിച്ചു. അര്‍ബന്‍ നക്‌സലുകള്‍ ഇപ്പോഴുമുണ്ട്,’ മോദി പറയുന്നു.

വികസനത്തിന് എതിരുനില്‍ക്കാന്‍ വേണ്ടി പ്രകൃതിയെ കൂട്ടുപിടിക്കുന്നത് തെറ്റാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

6,000ലധികം പരിസ്ഥിതി അനുമതികള്‍ തീര്‍പ്പാക്കാനുണ്ട്. കൂടാതെ സംസ്ഥാനങ്ങളുടെ പദ്ധതികള്‍ക്കായി 6,500 ഫോറസ്റ്റ് ക്ലിയറന്‍സ് അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തില്‍ മൂന്ന് മാസത്തിന് ശേഷം ക്ലിയറന്‍സ് നല്‍കിയാല്‍ കാരണം മറ്റൊന്നാണ്. പാരാമീറ്ററുകള്‍ സ്ഥാപിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം അനുമതി നല്‍കുന്നതില്‍ വേഗത കൊണ്ടുവരുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Prime minister says urban naxals still exists