| Thursday, 20th July 2023, 7:50 pm

കാണുന്നവര്‍ നടുങ്ങുന്ന വീഡിയോ; മാസങ്ങള്‍ക്ക് ശേഷം മിണ്ടി പ്രധാനമന്ത്രി; വിവാദമായതോടെ കേസെടുത്ത് പൊലീസ്

ആമിന കെ.

ഇംഫാല്‍: എഴുപതിലധികം ദിവസമായി മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുകയാണ്. മെയ് മൂന്നിന് തുടങ്ങിയ സംഘര്‍ഷത്തിലെ അതിഭീകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോട് കൂടി മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കനത്തുകൊണ്ടിരിക്കുകയാണ്. രണ്ട് കുകി വനിതകളെ മെയ്തി വിഭാഗമെന്ന് സംശയിക്കപ്പെടുന്ന ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തുന്ന വീഡിയോയായിരുന്നു പ്രചരിച്ചത്.

മെയ് നാലിന് നടന്ന ക്രൂരമായ ബലാത്സംഗം രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് രാജ്യം അറിഞ്ഞത്. അതായത് മണിപ്പൂരിലെ സംഘര്‍ഷം തുടങ്ങി പിറ്റേന്ന് തന്നെ നടന്ന സംഭവം. ഇവരുടെ കുടുംബത്തിലെ രണ്ട് പുരുഷന്മാരെ തല്ലിക്കൊന്നതിന് ശേഷമായിരുന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. അതിഭീകരമാം വിധം കുകി വനിതകളെ ഉപദ്രവിക്കുന്ന തരത്തിലേക്ക് ആദ്യ ദിനം തന്നെ മണിപ്പൂര്‍ കലാപം മാറിയിരുന്നു.

തങ്ങളെ ആള്‍ക്കൂട്ടം അക്രമിക്കുന്നത് നാല് മണിപ്പൂര്‍ പൊലീസ് കണ്ടുവെന്ന് കുകി വനിതകളില്‍ ഒരാള്‍ ദി വയറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കലാപത്തിന്റെ രണ്ടാം നാളില്‍ തന്നെ നടന്ന സംഭവത്തിന്റെ ദൃക്‌സാക്ഷികളായിരുന്നു പൊലീസുകാര്‍. എന്നിട്ടും സംഭവം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം, വനിതകളിലൊരാളുടെ ബന്ധു പരാതി നല്‍കുന്നതിലൂടെയാണ് എഫ്.ഐ.ആര്‍ ഇടുന്നത്.

സംഭവം നടന്ന ദിവസം 800-1000 ആളുകള്‍ ആയുധങ്ങളുമായി ബി ഫൈനോം ഗ്രാമത്തില്‍ പ്രവേശിക്കുകയും വീടിന് തീവെക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. കാങ്‌പോക്പി ജില്ലയിലെ സൈകുള്‍ പൊലീസ് സ്റ്റേഷനിലായിരുന്നു പരാതി നല്‍കിയത്.

മെയ് 18ന് സൈകുള്‍ പൊലീസ് സംഭവത്തില്‍ ‘സീറോ എഫ്.ഐ.ആര്‍’ ചുമത്തുകയുണ്ടായി. പിന്നീട് സംഭവം നടന്ന അധികാരപരിധിയിലെ പൊലീസ് സ്റ്റേഷനായ നോങ്‌പോക് പൊലീസ് സ്റ്റേഷനിലേക്ക് സെക്മയ് പൊലീസ് എഫ്.ഐ.ആര്‍ കൈമാറുകയായിരുന്നു.

‘അജ്ഞാതരായ 800-1000 അക്രമികള്‍’ ക്കെതിരെയാണ് അന്ന് എഫ്.ഐ.ആര്‍ ചുമത്തുന്നത്. എന്നാല്‍ ഇന്നലെ വീഡിയോ പുറത്തിറങ്ങിയതിന് ശേഷം, വിമര്‍ശനങ്ങള്‍ക്ക് വിധേയമായതിന് ശേഷം, രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. അതും പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ.

സംഭവത്തില്‍ പ്രധാന പ്രതിയെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തൗബല്‍ ജില്ലയില്‍ നിന്നും ഹെരദാസ് എന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി പന്ത്രണ്ട് അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അതിനായുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പൊലീസ് ഇന്ന് അറിയിച്ചിട്ടുമുണ്ട്. ഒരാള്‍ കൂട്ട ബലാത്സംഗത്തിനിരയായെന്നാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മാത്രമാണ് പൊലീസ് ഇത്തരം നടപടികളിലേക്ക് നീങ്ങിയത്.

കലാപം തുടങ്ങി 77 ദിവസങ്ങള്‍ക്ക് ശേഷമാണ് മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ വിഷയത്തില്‍ സംസാരിച്ചത്. രാജ്യത്തെ ഒരു സംസ്ഥാനം നിന്ന് കത്തുമ്പോള്‍, അവിടെ നടക്കുന്നത് വംശഹത്യയാണെന്ന് വ്യക്തമായിട്ടും രാജ്യത്തിന്റെ ഭരണാധികാരി മൗനവ്രതത്തിലായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഉയര്‍ന്നത്. മണിപ്പൂര്‍ കലാപം തുടങ്ങിയത് മുതല്‍ മോദിയുടെ മൗനമായിരുന്നു എല്ലാവരുടെയും ചര്‍ച്ചാ വിഷയം.

മണിപ്പൂരില്‍ നിന്നും ഇന്നലെ പുറത്തിറങ്ങിയ വീഡിയോ രാജ്യത്തെ ആകെ നാണംകെടുത്തിയെന്നും എല്ലാ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ അതത് സംസ്ഥാനങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഉറപ്പ് വരുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം.

‘മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്നതാണ്. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തതാണ്.

രാജസ്ഥാനോ ചത്തീസ്ഗഡോ മണിപ്പൂരോ ആകട്ടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണം.

കുറ്റവാളികള്‍ ആരാണെന്നും അവര്‍ എത്ര പേരാണെന്നും എന്നത് പ്രത്യേക വിഷയമാണ്. എന്നാല്‍ ഇത് മുഴുവന്‍ രാജ്യത്തിനും നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. 140 കോടി പൗരന്മാരും ലജ്ജിതരാകുകയാണ്,’ ഇതാണ് മോദിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍.

മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തതാണെന്നാണ് ഇന്നലെ മുതല്‍ വീഡിയോ കാണുന്ന ഇന്ത്യയിലെ ഓരോ പൗരനും പറയാനുള്ളത്. എല്ലാ സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രതികരണമായിരുന്നു പ്രധാനമന്ത്രി നടത്തിയത്. അതിനിടയില്‍ രാജസ്ഥാനോ ചത്തീസ്ഗഡോ മണിപ്പൂരോ ആകട്ടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

കലാപം നടക്കുന്ന മണിപ്പൂരിനെക്കുറിച്ച് മാത്രം സംസാരിക്കാനല്ല മോദി ശ്രമിച്ചത്. മണിപ്പൂരില്‍ ഇതുവരെ മരിച്ചവരെയോ, അനാഥരായ കുട്ടികളെയോ, വീടുകളില്‍ നിന്നും പലായനം ചെയ്യപ്പെട്ടവരെയോ കുറിച്ചൊന്നും പ്രധാനമന്ത്രി ആശങ്കപ്പെട്ടില്ല.

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെതിരെയും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ ആക്കം കൂട്ടുന്നതില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെയും ബി.ജെ.പി എം.പി ലെയ്ഷേംബ സഞ്ചോബയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂര്‍ ട്രൈബല്‍സ് ഫോറം, ദല്‍ഹി (MTFD) നേരത്തെ രംഗത്തെത്തിയിരുന്നു.

അക്രമം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സംഘടനയാണ് എം.ടി.എഫ്.ഡി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും അവര്‍ക്കായി പ്രത്യേകം ഭരണം ഉണ്ടാക്കണമെന്നും ഫോറം ആവശ്യപ്പെട്ടിരുന്നു.

അതേസമയം മണിപ്പൂര്‍ വിഷയം രണ്ട് ഗോത്രങ്ങളുടെ മാത്രം പ്രശ്‌നമായിരുന്നില്ല. മണിപ്പൂര്‍ കലാപത്തില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികളാണ് തകര്‍പ്പെട്ടത്. മണിപ്പൂരില്‍ ക്രിസ്ത്യന്‍സിനെതിരെ നടക്കുന്ന ആക്രമണത്തില്‍ കത്തോലിക് ബിഷപ്പ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ 17 പള്ളികള്‍ കലാപത്തിന്റെ മറവില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പും അറിയിച്ചിരുന്നു.

നീണ്ടു നില്‍ക്കുന്ന കലാപത്തിലേക്ക് മണിപ്പൂരിനെ നയിച്ചത് മാര്‍ച്ച് 27ന് ഭൂരിപക്ഷമുള്ള മെയ്തി സമുദായത്തിന് മണിപ്പൂര്‍ കോടതി ഗോത്ര പദവി നല്‍കിയതായിരുന്നു. ഇതിലൂടെ ന്യൂനപക്ഷമായ കുകി സമുദായത്തിന് ലഭിക്കുന്ന അതേ സാമ്പത്തിക ആനുകൂല്യങ്ങളും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലുമുള്ള സംവരണവും ലഭിക്കും. കുക്കികള്‍ കൂടുതല്‍ താമസിക്കുന്ന മലനിരകളില്‍ മെയ്തി വിഭാഗങ്ങളില്‍ ഭൂമി വാങ്ങാനും ലഭിക്കും. ഈ തീരുമാനം പിന്നീട് സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുമുണ്ട്.

എന്നാല്‍ മണിപ്പൂര്‍ കോടതിയുടെ ഉത്തരവിനെതിരെ കുകി വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 3ന് പ്രതിഷേധം നടത്തുകയായിരുന്നു. ആ പ്രതിഷേധത്തിനിടയിലുണ്ടായ സംഘര്‍ഷമാണ് ഇന്നും അണയാത്ത തീ പോലെ മണിപ്പൂരില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. 150 ഓളം പേരുടെ ജീവനെടുക്കുകയും പതിനായിരക്കണക്കിനാളുകള്‍ക്ക് വീട് വിട്ട് പോകേണ്ടി വരികയും ചെയ്തു. മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടാണുള്ളത്.

ഇന്ന് അതിരൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതിയും കേന്ദ്രത്തെ താക്കീത് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുന്ന കൂട്ടത്തിലെ കോടതിയുടെ ഒരു പരാമര്‍ശം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. മണിപ്പൂരില്‍ നിന്നും ഇന്നലെ പുറം ലോകം അറിഞ്ഞത് ഒറ്റപ്പെട്ട സംഭവമാണോ അതോ എപ്പോഴും നടക്കുന്നതാണോ എന്ന ആശങ്ക കോടതി പങ്കുവെച്ചിട്ടുണ്ട്.

content highlights: prime minister say about manippur in first time

ആമിന കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, ജെന്‍ഡര്‍, സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

We use cookies to give you the best possible experience. Learn more