പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
Kerala News
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th April 2023, 8:32 am

എറണാകുളം: പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട് . പശ്ചിമ കൊച്ചി സ്വദേശികളായ പത്തോളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി എന്‍.ആര്‍ ശ്രീകുമാര്‍, അഷ്‌കര്‍ ബാബു, ഷെബിന്‍ ജോര്‍ജ്, ബഷീര്‍ എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇവരെ ഇന്ന് പുലര്‍ച്ചെ വീടുകളിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടാകാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിച്ചതെന്നാണ് വിവരം.

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. കൊച്ചിയില്‍ 1.8 കിലോമീറ്റര്‍ റോഡ് ഷോയില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഗതാഗത നിയന്ത്രണങ്ങളുമുണ്ടാകും.

റോഡ് ഷോയ്ക്ക് ശേഷം തേവര എസ്.എച്ച് കോളേജിലെത്തുന്ന പ്രധാനമന്ത്രി, ഇവിടെ യുവം 2023 പരിപാടിയില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് ശേഷം ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.

വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ എട്ട് മത മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിലാകും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്റെ അധ്യക്ഷതയിലാകും കൂടിക്കാഴ്ച നടക്കുക.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുന്ന മോദി വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നിര്‍വഹിക്കും. തിരുവനന്തപുരം , കോഴിക്കോട്, വര്‍ക്കല ശിവഗിരി എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികളുടെ ഉദ്ഘാടനവും, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Prime Minister’s visit; 10 Congress activists are under preventive detention in Kochi