| Thursday, 21st March 2024, 10:42 am

' ആത്മനിര്‍ഭര' വെടികളും 'വെടിക്കോപ്പുകളി'ലെ ആത്മനിര്‍ഭരതയും

കെ. സഹദേവന്‍

സൈന്യം, പ്രതിരോധം തുടങ്ങിയ മേഖലകള്‍ ദേശസ്നേഹവുമായി ബന്ധപ്പെടുത്തി നിര്‍ത്തുകയും അവയ്ക്ക് നേരെ ഉയരുന്ന എല്ലാ ചോദ്യങ്ങളും ദേശവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ നടപ്പുരീതി.

വളരെ സെന്‍സിറ്റീവായ ഈ മേഖലയില്‍ അധികം ഇടപെടല്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പൊതുവില്‍ തയ്യാറാകാറുമില്ല. അതുകൊണ്ടുതന്നെ പ്രതിരോധ മേഖലയെ സംബന്ധിച്ച് എന്ത് അവകാശവാദങ്ങള്‍ ഭരണകൂടം നടത്തിയാലും അതിനെ വസ്തുതാപരമായി പരിശോധിക്കുവാനോ അവയിലെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടാനോ ആരും തയ്യാറാകാറുമില്ല. അഥവാ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നാല്‍ തന്നെയും അവ ഒരു പ്രത്യേക വിഭാഗത്തിനകത്ത് മാത്രമായി ഒതുങ്ങുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദി

ഈയൊരു സാഹചര്യത്തെ മുതലെടുത്തുകൊണ്ട് പ്രതിരോധ മേഖലയെക്കുറിച്ച് എന്ത് കള്ളത്തരങ്ങളും വിളിച്ചുപറയാന്‍ രാജ്യത്തെ പ്രധാനമന്ത്രിക്കോ അദ്ദേഹം നയിക്കുന്ന മന്ത്രിസഭയ്ക്കോ അതിനെ താങ്ങിനിര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനോ യാതൊരു മടിയുമില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

ഇന്ത്യന്‍ പ്രതിരോധ മേഖല ‘ആത്മനിര്‍ഭര’മാക്കിയതിനെ സംബന്ധിച്ച് പ്രധാനമന്ത്രി നിരന്തരം വാചാലനാകാറുണ്ട്. എന്നാല്‍ ഇതിന് പിന്നിലുള്ള സത്യമെന്താണ്? ഡിഫന്‍സ് അനലിസ്റ്റ് ആയ പ്രവീണ്‍ സാഹ്നീ ഇതേക്കുറിച്ച് പറയുന്നത് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.

പ്രവീണ്‍ സാഹ്നീ (Pravin Sawhney) ഇന്ത്യന്‍ മിലിട്ടറിയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ചയാളും, പ്രതിരോധ മേഖലയെ സംബന്ധിച്ച് FORCE എന്നൊരു ജേണലിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.

പ്രവീണ്‍ സാഹ്നീ

പ്രധാനമന്ത്രി ആത്മനിര്‍ഭര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്ന പടക്കോപ്പുകള്‍ പലതും വിദേശങ്ങളില്‍ നിര്‍മ്മിച്ചവയോ, വിദേശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേവലം അസംബ്ലിംഗ് നടത്തിയവയോ ആണെന്നാണ് പ്രവീണ്‍ സാഹ്നീ അഭിപ്രായപ്പെടുന്നത്.

അദ്ദേഹം പറയുന്നു: ”ഇന്ത്യ നിര്‍മ്മിച്ചെതെന്ന് പറയുന്ന ആര്‍ട്ടിലറി ഗണ്‍ വജ്ര -കെ9-യുടെ കാര്യമെടുക്കാം. ദക്ഷിണ കൊറിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലാര്‍സന്‍ ആന്റ് ടൂബ്രോ നിര്‍മ്മിച്ച ഈ ഗണ്‍ പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിക്കപ്പെട്ടവയാണ്. ഇതിന്റെ ഒറിജനല്‍ മാതൃക കെ-93 എന്നാണ് അറിയപ്പെടുന്നത്. ഇതിന് എന്തെങ്കിലും കുറവുകള്‍ ഉണ്ടെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. ഇത് പൂര്‍ണ്ണമായും വിദേശ നിര്‍മ്മിതമാണെന്ന് മാത്രമാണ്.

ഇനി ധനുഷ് എന്ന ആര്‍ട്ടലറി ഗണ്ണിന്റെ ഉദാഹരണമെടുക്കാം. 45 കാലിബറുള്ള ഈ ഗണ്‍ ഇന്ത്യയുടെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഉണ്ടാക്കിയതെന്നാണ് മറ്റൊരു അവകാശവാദം. വാസ്തവത്തില്‍ ധനുഷ് ഗണ്ണിന്റെ നിര്‍മ്മാതാവ് ബോഫോര്‍സ് കമ്പനിയാണ്. ബോഫോര്‍സ് കമ്പനിയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ കാലത്തുതന്നെ ധനുഷ് ടെക്നോളജിയുടെ ബ്ലൂപ്രിന്റ് ഇന്ത്യ വാങ്ങിയിരുന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ഫയലുകളില്‍ ഒളിച്ചിരുന്ന ധനുഷ് സാങ്കേതികവിദ്യയാണ് വീണ്ടും പൊടിതട്ടിയെടുത്ത് നിര്‍മ്മിച്ചിരിക്കുന്നത്.

അടുത്തത് ആകാശ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തെക്കുറിച്ച് പരിശോധിക്കാം. റഷ്യയില്‍ നിന്ന് 1983 കാലയളവില്‍ (ഇന്ദിരാഗാന്ധിയുടെ കാലത്ത്) വാങ്ങിയ ഈ എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തിയതാണ് മോദി അവകാശപ്പെടുന്ന ആത്മനിര്‍ഭരത.

സമാനമായ രീതിയില്‍ തേജസ്, പിനാകാ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളുടെ മോദി സര്‍ക്കാര്‍ അവകാശപ്പെടുന്ന ‘ആത്മനിര്‍ഭരത’ വാസ്തവത്തില്‍ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്.

‘പിനാക’ എന്ന മള്‍ട്ടി പാരല്‍ റോക്കറ്റ് ലോഞ്ചര്‍, വളരെ പഴക്കംചെന്ന, ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ്. പല തകരാറുകളും നിലനില്‍ക്കുന്നതു കാരണം റഷ്യയുടെ സഹായത്തോടെ നടത്തിയ പലവിധ നവീകരണങ്ങള്‍ക്കും ശേഷമാണ് ‘ പിനാക’ ഇന്ന് കാണുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.”

ഇനി ഇന്ത്യ തന്നെ നിര്‍മ്മിച്ചെടുത്ത ‘അര്‍ജുന്‍’ യുദ്ധ ടാങ്കുകളെക്കുറിച്ച് സാഹ്നീ പറയുന്നത് അത് വെളളാനയുടെ ഫലം മാത്രമേ ചെയ്യൂ എന്നാണ്. ചൈനക്കെതിരായ യുദ്ധത്തില്‍ അവ കേവല പ്രദര്‍ശന വസ്തു മാത്രമായിരിക്കുമെന്നും കാരണം അവയുടെ ഭാരം താങ്ങാന്‍ ഇന്ത്യയിലെ പാലങ്ങള്‍ക്ക് സാധിക്കുകയില്ലെന്നുമാണ്.

Bharat Karnad

മറ്റൊരു പ്രമുഖ ഡിഫന്‍സ് അനലിസ്റ്ററായ ഭരത് കര്‍ണ്ണാഡും (Bharat Karnad) പ്രതിരോധ മേഖലയിലെ ‘ആത്മനിര്‍ഭരതാ’ വെടികളെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. പ്രവീണ്‍ സാഹ്നീ യുടെ വാദങ്ങള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടവര്‍ക്ക് അദ്ദേഹം എഡിറ്ററായിട്ടുള്ള force.net എന്ന ജേണല്‍ വായിക്കാം.

content highlights: Prime Minister’s lies about defense sector

കെ. സഹദേവന്‍

പരിസ്ഥിതി ആണവ വിരുദ്ധ പ്രവര്‍ത്തകന്‍. എഴുത്തുകാരന്‍, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി, വികസനം, ഊര്‍ജ്ജം, പരിസ്ഥിതി സമ്പദ്ശാസ്ത്രം, കാര്‍ഷിക മേഖല, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആനുകാലികങ്ങളില്‍ എഴുതുന്നു.

We use cookies to give you the best possible experience. Learn more