| Thursday, 9th May 2024, 10:17 am

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിൽ നടപടി വൈകുന്നു; പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനൊരുങ്ങി ഇന്ത്യാ മുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. പോളിങ് വിവരം കൃത്യമായി പ്രസിദ്ധീകരിക്കാത്തത് ഉൾപ്പടെയുള്ള വിഷയങ്ങള്‍ നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നേരിട്ടറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മോദി വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോക്കുകുത്തിയായി തുടരുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പിന്നാലെ ഇന്ത്യാ മുന്നണിയിലെ പ്രമുഖ കക്ഷികളെല്ലാം ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നേരിട്ടെത്തി പരാതി അറിയിക്കാന്‍ ഇന്ത്യാ മുന്നണി തീരുമാനിച്ചത്. വ്യാഴാഴ്ച വൈകിട്ട് കൂടിക്കാഴ്ചക്ക് ഇന്ത്യാ മുന്നണി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി.

പ്രധാനമായും രണ്ട് വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാന്‍ നോതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വൈകുന്നതാണ് ആദ്യത്തെ വിഷയം. മോദിയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് ബി.ജെ.പി നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയാണെന്നും ഇന്ത്യാ മുന്നണി നേതാക്കള്‍ പറഞ്ഞു.

മോദിക്കെതിരെ നടപടി എടുക്കാത്തതിനാല്‍ വിദ്വഷേ പ്രസംഗം നടത്തുന്ന ബി.ജെ.പിയുടെ അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രതിപക്ഷത്ത് നിന്ന് പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വരെ വിലക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും, ഇത് കമ്മീഷന് മുന്നില്‍ തുറന്നുകാട്ടുമെന്നും നേതാക്കള്‍ പറഞ്ഞു.

പോളിങ് പൂര്‍ത്തിയായാല്‍ ശതമാനക്കണക്ക് കൃത്യമായി പുറത്തുവിടണമെന്നാണ് മറ്റൊരു ആവശ്യം. ഇന്ത്യാ മുന്നണിയിലെ പല നേതാക്കളും ഈ ആവശ്യം ചൂണ്ടിക്കാട്ടി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

Content Highlight: Prime Minister’s hate speech; India Front is ready to meet the Election Commission with a complaint

We use cookies to give you the best possible experience. Learn more