| Friday, 12th July 2024, 8:14 pm

നേപ്പാളില്‍ പ്രചണ്ഡയ്ക്ക് തിരിച്ചടി; അവിശ്വാസത്തില്‍ തോല്‍വി, കെ.പി. ശര്‍മ ഒലി വീണ്ടും പ്രധാനമന്ത്രിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: നേപ്പാളില്‍ അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ. നേപ്പാളി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യുണൈറ്റഡ് മാര്‍ക്‌സിസിറ്റ് ലെനിനിസ്റ്റും സഖ്യം രൂപീകരിച്ചതോടെയാണ് പ്രചണ്ഡ പരാജയപ്പെട്ടത്. 19 മാസത്തെ ഭരണത്തിന് ശേഷമാണ് അദ്ദേഹം അധികാരത്തില്‍ നിന്നിറങ്ങുന്നത്.

275 അംഗ പാര്‍ലമെന്റില്‍ 63 എം.പിമാര്‍ മാത്രമാണ് പ്രചണ്ഡയ്ക്ക് പിന്തുണ നല്‍കിയത്. 94 പേര്‍ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രചണ്ഡ പരാജയപ്പെട്ടതോടെ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.

കഴിഞ്ഞ ആഴ്ചയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസിറ്റ് ലെനിനിസ്റ്റ്) സഖ്യ സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിച്ചത്. പ്രചണ്ഡയുടെ ദുര്‍ബലമായ ഭരണം ചൂണ്ടിക്കാട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസിറ്റ് ലെനിനിസ്റ്റ്) നേപ്പാള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

വിശ്വാസവോട്ട് നേടുന്നതിന് സര്‍ക്കാരിന് കുറഞ്ഞത് 138 വോട്ടുകള്‍ ആവശ്യമാണ്. 2022 ഡിസംബറില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് 19 മാസത്തിനുള്ളില്‍ ഇത് അഞ്ചാം തവണയാണ് പ്രചണ്ഡ സഭയില്‍ വിശ്വാസവോട്ട് തേടുന്നത്. സഖ്യകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യസ്തങ്ങളാണ് വിശ്വാസ വോട്ട് തേടാന്‍ കാരണമായിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം, മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സി.പി.എന്‍-യു.എം.എല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നും പ്രചണ്ഡ വിശ്വാസവോട്ട് നേരിട്ടിരുന്നു. അന്ന് 275 പാര്‍ലമെന്റ് അംഗങ്ങളില്‍ 270 പേരും വോട്ടിങ്ങില്‍ പങ്കെടുക്കുകയും അദ്ദേഹത്തിന് 268 വോട്ടുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

2006ലാണ് പ്രചണ്ഡ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കെത്തുന്നത്. മാവോയിസ്റ്റ്-കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾക്ക് നേതൃത്വം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടി, 2006ല്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന പ്രക്രിയയില്‍ ചേര്‍ന്നു. പിന്നാലെയാണ് നേപ്പാളിലെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ദഹല്‍ പ്രചണ്ഡ സജീവമാകുന്നത്.

Content Highlight: Prime Minister Pushpa Kamal Dahal Prachanda defeated in Nepal’s no-confidence motion

We use cookies to give you the best possible experience. Learn more