| Monday, 26th August 2024, 2:10 pm

'ഇത് ഒന്നിന്റെയും അവസാനമല്ല'; ഹിസ്ബുള്ളയ്ക്ക് താക്കീതുമായി നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ലെബനനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയ്ക്ക് താക്കീതുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങളുടെ പൗരന്മാരെയും സൈന്യത്തെയും ദ്രോഹിക്കാനായി ഹിസ്ബുള്ള അയച്ച ആയിരക്കണക്കിന് റോക്കറ്റുകളെ നശിപ്പിച്ചതായി നെതന്യാഹു ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തില്‍ അവകാശപ്പെട്ടു.

‘ഞങ്ങള്‍ ഹിസ്ബുള്ളയ്‌ക്കെതിരെ വളരെ അത്ഭുതകരമായാണ് തിരിച്ചടിച്ചത്. ഇത് ഇസ്രഈലിലെ വടക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതരായി അവരുടെ വീടുകളിലേക്ക് തിരിച്ചയയ്ക്കാനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമാണ്. അതോടൊപ്പം ഇത് ഒന്നിന്റെയും അവസാനമല്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ്. ഐ.ഡി.എഫ്( ഇസ്രഈല്‍ പ്രതിരോധ സേന) രാജ്യത്തെ ലക്ഷ്യമാക്കി തൊടുത്ത എല്ലാ മിസൈലുകളും തടഞ്ഞിട്ടുണ്ട്,’ നെതന്യാഹു പറഞ്ഞു.

അതേസമയം ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന ഇസ്രഈല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഹിസ്ബുള്ള ആക്രമണം നടത്തിയതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനന്‍ അതിര്‍ത്തി ഗ്രാമത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

ഇസ്രഈല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത് തൊട്ട് ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും തീവ്രതയേറിയ വ്യോമാക്രമണമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രഈല്‍ ലെബനനില്‍ നടത്തിയത്. സംഭവത്തിന് പിന്നാലെ തങ്ങളുടെ ഗ്രൂപ്പിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും പറഞ്ഞ് ഹിസ്ബുള്ളയുടെ സഖ്യകക്ഷികളായ ‘അമല്‍’ രംഗത്തെത്തി.

ഒരു മാസം മുമ്പ് ഇസ്രഈല്‍ കൊലപ്പെടുത്തിയ ഹിസ്ബുള്ളയുടെ മിലിട്ടറി കമാന്‍ഡറായിരുന്ന ഫൗദ് ഷുക്കൂറിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ള അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഇസ്രഈലിന്റെ തലസ്ഥാന നഗരമായ ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹിസ്ബുള്ള 320 കത്യുഷ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. തുടര്‍ന്ന് ഇസ്രഈല്‍ തിരിച്ചടിക്കുകയായിരുന്നു.

ഇസ്രഈലിനെ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റുകള്‍ അയക്കുമെന്ന് ഹംഗറി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹിസ്ബുള്ള ഇസ്രഈലിനെ ആക്രമിച്ചത്.

എന്നാല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന എല്ലാ റോക്കറ്റുകളയും ഇസ്രഈല്‍ തടഞ്ഞതായാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഇസ്രഈലില്‍ 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Prime Minister of Israel Benjamin Netanyahu warns Hezbollah

Latest Stories

We use cookies to give you the best possible experience. Learn more