ഒട്ടാവ: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിസംബോധനചെയ്ത കുറിപ്പുമായി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മനുഷ്യാവകാശം, വൈവിധ്യങ്ങള്‍, നിയമവാഴ്ച എന്നിവ ഭരണത്തിൽ പ്രധാനപ്പെട്ട വിഷയങ്ങളാണെന്ന് ഓർമ്മിപ്പിച്ച് ട്രൂഡോയുടെ കുറിപ്പ്.
‘തെരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ. മനുഷ്യാവകാശം, നിയമവാഴ്ച്ച, വൈവിധ്യങ്ങൾ എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് പോകുന്ന പ്രധാന കണ്ണികൾ. അവ നിലനിർത്തേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ്. ഇന്ത്യയിലെ സർക്കാരുമായി യോജിച്ച് പ്രവർത്തിച്ച് പോകാൻ ഞങ്ങളുടെ രാജ്യം തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍വീണിരുന്നു.
കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റിലായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നിരവധി തവണ ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. മൂന്ന് അറസ്റ്റില്‍ മാത്രം ഒതുങ്ങില്ലെന്നും വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തുമെന്നും ട്രൂഡോ പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.
കാനേഡിയന്‍ പൗരനും സിഖ് ഗുരുദ്വാര സാഹേബ് തലവനായ നിജ്ജാര്‍ 2023 ജൂണ്‍ 18 നാണ് ഗുരുദ്വാരയുടെ പരിസരത്ത് വെച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. തങ്ങളുടെ രാജ്യത്ത് വെച്ച് നിജ്ജാറിനെ കൊലപ്പെടുത്താൻ ഇന്ത്യൻ ഏജന്റുമാർ ഗൂഢാലോചന നടത്തിയെന്ന് കാനഡ ആരോപിച്ചിരുന്നു.
ജൂൺ നാലിന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ചിരുന്നു. 240 സീറ്റുകളായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. എന്നാൽ സഖ്യ കക്ഷികളുടെ സഹായത്തോടെ മാത്രമേ ഇന്ത്യക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുകയുള്ളു. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഖലിസ്ഥാനി നേതാക്കളായ അമൃത്പാൽ സിങ്ങും, സരബ്ജിത് സിങ്ങും വിജയിച്ചിരുന്നു.
Content Highlight: Prime minister of Canada sent a letter to pm Modi