സുപ്രീം കോടതി രാഷ്ട്രീയ സമ്മര്‍ദത്തിനു അടിമപ്പെടുമെന്നോ; അയോധ്യ വിഷയത്തില്‍ മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് കപില്‍ സിബല്‍
national news
സുപ്രീം കോടതി രാഷ്ട്രീയ സമ്മര്‍ദത്തിനു അടിമപ്പെടുമെന്നോ; അയോധ്യ വിഷയത്തില്‍ മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 9:34 am

ന്യൂദല്‍ഹി: അയോധ്യാവിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും പ്രസ്താവന സുപ്രീം കോടതിക്കു അപമാനകരമെന്നും കപില്‍ സിബല്‍

കേസ് വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ആരോപണം ലജ്ജാവഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദിക്ക് വസ്തുകള്‍ അറിയില്ല. കോണ്‍ഗ്രസ് അയോധ്യാക്കേസില്‍ കക്ഷിയല്ല. ജനുവരി 2018 മുതല്‍ താന്‍ അയോധ്യാക്കേസില്‍ ഹാജരാകുന്നത് അവസാനിപ്പിച്ചു. പലപ്പോഴും പ്രധാനമന്ത്രി കാര്യങ്ങള്‍ അറിയാതെയാണ് സംസാരിക്കുന്നതെന്നും കപില്‍ സിബല്‍ ആരോപിച്ചു.

Read Also : ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സുനില്‍ അറോറയെ നിയമിച്ചു

മോദി 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ രാമക്ഷേത്രത്തെ ഓര്‍ത്തില്ലെന്നും എന്നാല്‍ 2018 ല്‍ ഓര്‍മിച്ചെന്നും പറഞ്ഞ സിബല്‍ തെരഞ്ഞെടുപ്പാണ് അദ്ദേഹത്തെ രാമക്ഷേത്രത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.

ആരാണ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്താണ് വി.എച്ച്.പി അയോധ്യയില്‍ ചെയ്യുന്നത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അയോധ്യയില്‍ അവര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയെ സമ്മര്‍ദത്തിലാക്കി അയോധ്യകേസിലെ വിധി വൈകിപ്പിക്കാനും അതിലൂടെ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞി ദിവസം പ്രസംഗിച്ചത്.

രാമക്ഷേത്ര രാഷ്ട്രീയം ആളിക്കത്തിച്ച് വിശ്വഹിന്ദു പരിഷത്തിന്റെയും ശിവസേനയുടെയും സമ്മര്‍ദപരിപാടികള്‍ അയോധ്യയില്‍ നടക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം.