ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഹിന്ദി ഭാഷയില്‍ ട്വിറ്റിലൂടെയായിരുന്നു മോദിയുടെ റിപ്പബ്ലിക് ദിനാശംസ.
‘റിപ്പബ്ലിക് ദിനാശംസകള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലുള്ള റിപ്പബ്ലിക് ദിന ആഘോഷമായതിനാല്‍, ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് വലിയ പ്രത്യേകതയുണ്ട്.
രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാം. എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍!,’ എന്നാണ് പ്രധാമന്ത്രി ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിക്കുന്നതോടെയാണ് രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥില്‍ ദേശീയ പതാക ഉയര്‍ത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ രാജ്യത്തിന്റെ റിപ്പബ്ലിക് ദിന മുഖ്യാതിഥി.
ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത നയിക്കുന്ന പരേഡുണ്ടാകും. 14 സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ ഇത്തവണയുണ്ട്. സ്ത്രീശാക്തീകരണമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന്റെ വിഷയം.
Content Highlight: Prime Minister Narendra Modi wishes you a happy Republic Day