national news
സോഷ്യല്‍ മീഡിയയിലെ 'മോദി കി പരിവാര്‍' ക്യാമ്പയിന്‍ അവസാനിപ്പിക്കണം: പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 11, 03:24 pm
Tuesday, 11th June 2024, 8:54 pm

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയിലെ ‘മോദി കി പരിവാര്‍’ ക്യാമ്പയിന്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍.ഡി.എ സഖ്യത്തെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ക്യാമ്പയിന്‍ അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോദി ആവശ്യം ഉന്നയിച്ചത്.

‘എന്നോടുള്ള പിന്തുണയറിയിക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ മോദി കി പരിവാര്‍ എന്ന് സമൂഹ മാധ്യമങ്ങളില്‍ രേഖപ്പെടുത്തിയത്. അത് എനിക്ക് വളരെയധികം ഊര്‍ജ്ജമായിരുന്നു. എന്‍.ഡി.എ സര്‍ക്കാരിനെ തുടര്‍ച്ചയായി മൂന്നാം തവണയും ജനങ്ങള്‍ അധികാരത്തിലേറ്റി. തെരഞ്ഞടുപ്പ് ഫലം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്,’ എന്നും പ്രധാനമന്ത്രി പറഞ്ഞു.

തെലങ്കാനയില്‍ നടന്ന ഒരു പ്രചരണ റാലിക്കിടെയാണ് നരേന്ദ്ര മോദി കി പരിവാര്‍ എന്ന വാചകം പ്രധാനമന്ത്രി ഉപയോഗിച്ചത്. മോദിക്ക് ഒരു കുടുംബമില്ലാത്തതിനാല്‍ ജനങ്ങളുടെ വേദന മനസിലാവില്ലെന്ന ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായിരുന്നു ഇത്.

പിന്നാലെ മോദിയ്ക്ക് പിന്തുണ നല്‍കികൊണ്ട് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ അടക്കമുള്ള നേതാക്കള്‍ ഈ വാചകം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

എന്നാല്‍ ഈ ക്യാമ്പയിന്‍ ഇപ്പോള്‍ അവസാനിപ്പിക്കണമെന്നാണ് മോദി ആവശ്യപ്പെടുന്നത്. ക്യാമ്പയിനിലൂടെ നമ്മള്‍ എല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

അതേസമയം ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു രാഷ്ട്രീയ തന്ത്രമാണെന്ന് എക്സിലെ പ്രതിപക്ഷ പോര്‍ട്ടലുകള്‍ പ്രതികരിച്ചു. ബി.ജെ.പി ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമാണ് ഇതിന് പിന്നിലെന്നാണ് പ്രതികരണം.

Content Highlight: Prime Minister Narendra Modi wants to end the ‘Modi Ki Parivar’ campaign on social media