ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സംസ്ഥാനങ്ങള്‍ നടപടി എടുത്തുകാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണം വേഗത്തിലാക്കണമെന്നും ശിക്ഷ ഉറപ്പുവരുത്തണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
സുരക്ഷ ഉറപ്പുവരുത്താന്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ ബലാല്‍സംഗത്തിന് വിധേയപ്പെട്ട് ഡോക്ട്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണ്, അത് പബ്ലിസിറ്റിക്കായല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വളര്‍ച്ച യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകം നമ്മുടെ വളര്‍ച്ച ഉറ്റുനോക്കുകയാണെന്നും ഇന്ത്യയെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണമെന്നും മോദി പറയുകയുണ്ടായി. കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണെന്നും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം ഇന്ന് രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറയുന്നു.
എന്നാൽ ചിലർക്ക് രാജ്യത്തിന്‍റെ വളർച്ചയിൽ താത്പര്യമില്ലെന്നും അത്തരക്കാർ നിരാശരായി കഴിയേണ്ടി വരുമെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വികൃത മനസുകളിൽ വളർച്ചയുണ്ടാകില്ല. ഇത്തരം പിന്തിരിപ്പന്മാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്ന ദൗത്യം കൂടിയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 75000 സീറ്റുകൾ കൂടി വർധിപ്പിച്ചുവെന്നും കർഷകരുടെ മക്കൾക്കായി സ്മാർട്ട് സ്കൂളുകൾ യാഥാർത്ഥ്യമാക്കിയെന്നും സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
2036ല്‍ ഒളിമ്പിക്‌സിന് വേദിയാകാന്‍ ഭാരതം തയ്യാറെടുക്കുകയാണെന്നും പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കായിക താരങ്ങള്‍ക്കാവട്ടേയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി.
രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
Content Highlight: Prime Minister Narendra Modi wants states to take action against attacks on women in Independence day