| Wednesday, 19th January 2022, 4:08 pm

പ്രോംറ്റര്‍ നാണക്കേടില്‍ പ്രധാനമന്ത്രിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബി.ജെ.പി; 'ടൂള്‍ക്കിറ്റ്' ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായ ഒന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയുണ്ടായ തടസം.

സംഭവം നാണക്കേടായതിന് പിന്നാലെ പരിപാടിയുടെ സംഘാടകരെ കുറ്റപ്പെടുത്തി ബി.ജെ.പി ഹാന്‍ഡിലുകളില്‍ നിന്നും കഴിഞ്ഞ ദിവസം തന്നെ ട്വീറ്റുകളുടെ പെരുമഴയുണ്ടായിരുന്നു.

എന്നാല്‍ ബി.ജെ.പി അണികളുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സംഭവത്തില്‍ മോദിക്കല്ല തെറ്റുപറ്റിയതെന്നും പരിപാടിയുടെ സംഘാടകരുടെ കുറ്റമാണെന്നുമുള്ള ചെറു കുറിപ്പാണ് ബി.ജെ.പി ഹാന്‍ഡിലുകള്‍ക്ക് ഒരക്ഷരം പോലും മാറ്റാതെ കോപ്പി പേസ്റ്റായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇത് നിരവധി പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത് മോദിയെ ന്യായീകരിക്കാന്‍ ബി.ജെ.പി തന്നെ ഔദ്യോഗികമായി ഒരുക്കിയ ടൂള്‍ക്കിറ്റാണോ എന്നാണ് ട്വിറ്ററില്‍ നിരവധിയാളുകള്‍ ചോദിക്കുന്നത്.

‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടക്കുണ്ടായ സാങ്കേതിക പ്രശ്‌നം ചര്‍ച്ചയാക്കുന്നവര്‍, വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയാണെന്ന് മനസ്സിലാകുന്നില്ലേ.

അവര്‍ക്ക് പ്രധാനമന്ത്രിയെ ശരിയായി കേള്‍ക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ വീണ്ടും അദ്ദേഹത്തോട് സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

അവതാരകനായ ക്ലോസ് ഷ്വാബ് വീണ്ടും ഒരു ചെറിയ ആമുഖം നല്‍കിയതും തുടര്‍ന്ന് സെഷന്‍ തുടങ്ങുന്നതും ഇത് വ്യക്തമാക്കുന്നുണ്ട്,’ എന്നാണ് മോദിയെ ന്യായീകരിക്കാന്‍ എല്ലാ ബി.ജെ.പി ഹാന്‍ഡിലുകളും കോപ്പി പേസ്റ്റായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ ദിവസം വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ ടെലിപ്രോംറ്റര്‍ (Teleprompter) സംവിധാനം തടസപ്പട്ടതോടെ മോദിയുടെ പ്രസംഗവും ഇടക്കുവെച്ച് നിന്നുപോവുകയായിരുന്നു.

ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ടെലിപ്രോംറ്റര്‍ തടസപ്പെട്ടതോടെ മോദി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതായണ് വീഡിയോയിലുള്ളത്.

No description available.

ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.

താന്‍ സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്ന ബോധ്യം പോലുമില്ലാതെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

”ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ചില പാവപ്പെട്ട ടെക്‌നീഷ്യന്മാര്‍ക്ക് ജോലി പോവുമെന്നാണ് തോന്നുന്നത്. രാജ്യദ്രോഹക്കുറ്റമോ യു.എ.പി.എയോ ഇവര്‍ക്കെതിരെ ചുമത്തില്ല എന്ന് പ്രതീക്ഷിക്കാം.

സംഭവിച്ച നാണക്കേടിന് വല്ല ഖാലിസ്ഥാനി ബന്ധവുമുണ്ടെന്ന് പറഞ്ഞ് നോയിഡ മീഡിയ രംഗത്തെത്തേണ്ടതാണ്,” മാധ്യമപ്രവര്‍ത്തക രോഹിണി സിംഗ് പരിഹാസരൂപത്തില്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘യേ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് വീഡിയോക്ക് ക്യാപ്ഷനായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രാസംഗികന്‍ (Orator) എന്നതിന് പകരം പ്രോംപ്റ്റര്‍ മാത്രം നോക്കി സംസാരിക്കുന്നയാള്‍ എന്നര്‍ത്ഥം വരുന്ന പ്രോംറ്റൊറേറ്റര്‍ (promptorator) എന്നും മോദിയെ ചില റിപ്പോര്‍ട്ടുകളില്‍ വിശേഷിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENTE HIGHLIGHTS:  The BJP’s copy-paste ‘toolkit’ is being discussed in the promoter scandal

We use cookies to give you the best possible experience. Learn more