മുംബൈ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര മന്ത്രിസഭയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണ പരിചയത്തിന്റെയും നല്ല ഭരണം നല്‍കാന്‍ സാധിക്കുമെന്നതിന്റേയും പശ്ചാത്തലത്തില്‍ നിലവിലേത് മികച്ച സര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് മഹാരാഷ്ട്രയില്‍ മന്ത്രിമാരായി അധികാരമേറ്റ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഭരണ പരിചയത്തിന്റെയും നല്ല ഭരണം നല്‍കാന്‍ സാധിക്കുമെന്നതിന്റേയും പശ്ചാത്തലത്തില്‍ നിലവിലേത് മികച്ച സര്‍ക്കാര്‍ തന്നെയാണ്, രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിന് ആശംസകള്‍ നേരുന്നു,’ മോദി ട്വിറ്ററില്‍ കുറിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് 41 ദിവസത്തിന് ശേഷമാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്. താക്കറെ സര്‍ക്കാരിലുണ്ടായിരുന്ന മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് ഷിന്‍ഡെയുടെ മന്ത്രിസഭാ വികസനം. ബി.ജെ.പിയില്‍ നിന്നുള്ള ഒമ്പത് എം.എല്‍.എമാരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഷിന്‍ഡെ ക്യാമ്പിലും ബി.ജെ.പിയിലും അതൃപ്തി രൂക്ഷമാകുകയാണ്. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പ്രഹാര്‍ ജന്‍ശക്തി നേതാവ് ബച്ചു കദു ആണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിമത നീക്കം നടത്തിയപ്പോള്‍ തനിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബച്ചു കദു വിമര്‍ശനമുയര്‍ത്തിയത്.
മന്ത്രിസ്ഥാനം തന്റെ അവകാശമാണെന്നും കദു പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ബി.ജെ.പിയിലും മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഷിന്‍ഡെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് റാത്തോറിനെതിരെയാണ് ബി.ജെ.പിയുടെ വിമര്‍ശനം.
ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു റാവത്ത്. എന്നാല്‍ പിന്നീട് ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റാത്തോര്‍ വിവാദത്തില്‍ പെട്ടിരുന്നു. തന്റെ മരണത്തിന് കാരണക്കാരന്‍ റാത്തോര്‍ ആണെന്ന് യുവതി പറയുന്ന ഓഡിയോ സന്ദേശങ്ങളടക്കം അന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെ റാത്തോര്‍ താക്കറെ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുകയായിരുന്നു. അന്ന് ബി.ജെ.പിയും റാത്തോറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അത്തരത്തില്‍ വിവാദത്തില്‍ പെട്ട് രാജിവെച്ച മന്ത്രി വീണ്ടും ബി.ജെ.പി തന്നെ ഭരിക്കുന്ന മന്ത്രിസഭയിലെത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്.
ഇതിനിടെയാണ് പുതിയ സര്‍ക്കാരിനെ പുകഴ്ത്തി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Content Highlight: Prime Minister narendra modi says the new cabinet is a mixture of good governance and experience