ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗുജറാത്തിലെ ജനങ്ങള്‍ തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നും ജാതി നോക്കാതെ വോട്ട് ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഗുജറാത്തില്‍ ബി.ജെ.പി വലിയ വികസനമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.
‘നമ്മുടെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാര്‍ഷിക വളര്‍ച്ചക്കും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസത്തിനും വലിയ ഊന്നല്‍ നല്‍കി.
ഗുജറാത്തില്‍ സൈക്കിള്‍ പോലും ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ കാറുകള്‍ നിര്‍മിക്കുന്നു, ഞങ്ങള്‍ സംസ്ഥാനത്ത് വിമാനങ്ങള്‍ നിര്‍മിക്കുന്ന ദിവസങ്ങള്‍ വിദൂരമല്ല. അതുകൊണ്ട് ഗുജറാത്തിന്റെ വികസനത്തിന് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് ആവശ്യമാണ്,’ മോദി പറഞ്ഞു.
നേരത്തെ, സംസ്ഥാനത്തെ ക്രമസമാധാന നില വളരെ മോശമായിരുന്നു, മെഹ്സാനയിലെ ആളുകള്‍ക്ക് അഹമ്മദാബാദ് സന്ദര്‍ശിക്കാന്‍ സാഹചര്യം അനുയോജ്യമാണോ എന്ന് അവരുടെ പരിചയക്കാരെ വിളിച്ച് ചോദിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ഇന്ന് നമ്മുടെ കുട്ടികള്‍ കര്‍ഫ്യൂ എന്ന വാക്ക് പോലും കേട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 2001 മുതല്‍ 2014 വരെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.