| Monday, 13th February 2023, 12:38 pm

ഇന്ത്യയോടുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചു; എയ്‌റോ ഷോ വെറും ഷോ അല്ല, നമ്മുടെ കരുത്ത്: നരേന്ദ്ര മോദി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെംഗളൂര്: ഇന്ത്യയോടുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് ദിവസത്തെ എയ്‌റോ ഇന്ത്യ ഷോ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ വികസിക്കുകയാണെന്നതിന്റെ ഉദാഹരണമാണ് എയ്‌റോ ഇന്ത്യയെന്നും പരിപാടിയില്‍ പങ്കെടുത്ത നൂറോളം രാജ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചതായാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു.

എയ്‌റോ ഇന്ത്യ ഷോയെ പണ്ട് വെറും ഷോ മാത്രമായാണ് കണക്കാക്കിയിരുന്നതെന്നും എന്നാല്‍ ഇന്ന് വെറും ഷോ മാത്രമല്ല ഇന്ത്യയുടെ കരുത്താണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

”നവ ഇന്ത്യയുടെ കഴിവിന് ബെംഗളൂരുവിന്റെ ആകാശം സാക്ഷിയാവുകയാണ്. ഇന്ത്യ വികസിച്ചു കൊണ്ടിരിക്കുകയാണെന്നതിന്റെ ഉദാഹരണമാണ് എയ്‌റോ ഇന്ത്യ. ഇവിടെയുള്ള നൂറോളം രാജ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ധിച്ചുവെന്നതാണ് കാണിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ പല ഇടത്തുമായിട്ടുള്ള 700ലധികം കമ്പനികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നു. ഇത് മുന്‍ കാല റെക്കോഡുകളെല്ലാമാണ് തകര്‍ത്തിരിക്കുന്നത്.

പുതിയ ഇന്ത്യയുടെ പുത്തന്‍ സമീപനമാണ് എയ്‌റോ ഇന്ത്യ. പണ്ട് ഇതിനെ വെറുമൊരു ഷോ മാത്രമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഇത് വെറും ഒരു ഷോ മാത്രമല്ല. ഇന്ത്യയുടെ കരുത്ത് കൂടിയാണ്,” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോയുടെ പതിനാലാമത് എഡിഷനാണ് ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി പതിമൂന്നിന് ആരംഭിച്ച് അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്നതാണ് എയ്‌റോ ഷോ. വിവിധതരം മെയ്ഡ് ഇന്‍ ഇന്ത്യ പ്രതിരോധ വസ്തുക്കള്‍ എയ്‌റോ ഷോയില്‍ പ്രദര്‍ശിപ്പിക്കും.

content highlight: Prime Minister Narendra Modi said that the world’s trust in India has increased

We use cookies to give you the best possible experience. Learn more