കോണ്‍ഗ്രസ് മഴ നനഞ്ഞ് തുരുമ്പെടുത്ത ഇരുമ്പ് പോലെയായി: മോദി
ഭോപ്പാല്‍: കോണ്‍ഗ്രസ് മഴ നനഞ്ഞ് തുരുമ്പെടുത്ത ഇരുമ്പ് പോലെയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് ദഹിക്കുന്നില്ലെന്നും രാജ്യം വികസിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്നും മധ്യപ്രദേശിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ നേട്ടങ്ങളില്‍ കോണ്‍ഗ്രസ് ഒരിക്കലും അഭിമാനിക്കുന്നില്ല. കാരണം അവര്‍ രാജ്യം മാറാന്‍ ആഗ്രഹിക്കുന്നില്ല.
മധ്യപ്രദേശില്‍ അധികാരത്തില്‍ വരാന്‍ ഒരു അവസരം ലഭിച്ചാല്‍ അവര്‍ സംസ്ഥാനത്തെ ‘ബിമാരു’ രാജ്യമാക്കും. ഒരു കുടുംബത്തെ മാത്രം പ്രകീര്‍ത്തിക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. ഇന്ത്യയിലെ അഴിമതി നിറഞ്ഞ വ്യവസ്ഥയെ പോഷിപ്പിക്കുന്ന തിരക്കിലാവര്‍. മഴ നനഞ്ഞ് തുരുമ്പെടുത്ത ഇരുമ്പ് പോലെയാണിപ്പോള്‍ കോണ്‍ഗ്രസ്. ദേശീയ താത്പര്യം കാണാനോ മനസിലാക്കാനോ അവര്‍ക്ക് കഴിയില്ല,’ പ്രധാനമന്ത്രി മോദി ഭോപ്പാലില്‍ പറഞ്ഞു.
മധ്യപ്രദേശിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വര്‍ഷങ്ങള്‍ വളരെ നിര്‍ണായകമാണെന്നും കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ അവസരം നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ നിര്‍ണായക സമയത്ത്, അഴിമതി നിറഞ്ഞ ഒരു രാജവംശ പാര്‍ട്ടിയായ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ അവസരം ലഭിച്ചാല്‍ അത് സംസ്ഥാനത്തിന് വലിയ നഷ്ടമായിരിക്കും.
മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ 20 വര്‍ഷം പൂര്‍ത്തിയാക്കി. അതായത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്യുന്ന യുവാക്കള്‍ ബി.ജെ.പി സര്‍ക്കാരിനെ മാത്രമേ കണ്ടിട്ടുള്ളൂ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുര്‍ഭരണം കണ്ടിട്ടില്ലാത്ത മധ്യപ്രദേശിലെ ഇപ്പോഴത്തെ യുവാക്കള്‍ ഭാഗ്യവാന്മാരാണ്.
പുതിയ ഊര്‍ജത്തോടെ സംസ്ഥാനത്തെ പുതിയ തലത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും സദ്ഭരണവും ഇവിടുത്തെ യുവാക്കള്‍ കണ്ടിട്ടുണ്ട്,’ മോദി പറഞ്ഞു.
Content Highlight: Prime Minister Narendra Modi said that the Congress is like rusted iron soaked in rain