കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ കേരളം തനിച്ചല്ല, രാജ്യം ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ അകപ്പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കറിനോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിലാണ് പുനരധിവാസം നടത്താന്‍ ഉദ്ദേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ മെമ്മോറാണ്ടത്തില്‍ ഉണ്ടാവണമെന്നാണ് നിര്‍ദേശം.
ഇത് കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. പുനരധിവാസത്തിനും മറ്റുമായി പണം ഒരു തടസമാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കഴിയുന്ന എല്ലാ സഹായവും മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളം ആവശ്യം അറിയിക്കുന്നതനുസരിച്ച് സഹായങ്ങള്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. അടിസ്ഥാന സൗകര്യം മുതല്‍ വിദ്യാഭ്യാസം വരെ കേന്ദ്രത്തിന്റെ ഉദാരമായ സമീപനമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
അതേസമയം അവലോകന യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ വിശദമായ നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2000 കോടിയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലും വെള്ളാര്‍മല സ്‌കൂളിലും മേപ്പാടി ക്യാമ്പിലുമാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളില്‍ അദ്ദേഹം വ്യോമനിരീക്ഷണവും നടത്തി.
Content Highlight: Prime Minister Narendra Modi said that Kerala is not alone in the Wayanad disaster, the country is with us