ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് ഇന്ത്യന്‍ ഭരണഘടനയുമായി ജമ്മുകശ്മീരിലേക്ക് പോകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ജമ്മുകശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷവും നുണ പ്രചരിപ്പിക്കുന്ന ചിലരുടെ അവസ്ഥ തനിക്ക് മനസിലാകുമെന്നും നരേന്ദ്ര മോദി മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി.
ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു. ‘സബ്കാ സാത്ത് സബ് കാ വികാസ്’ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി. അഴിമതി രഹിതഭരണത്തെ ജനം അംഗീകരിച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
2014ന് മുമ്പ് കല്‍ക്കരി കുംഭകോണം പലരുടെയും കൈകള്‍ കറുപ്പിച്ച ഒരു കാലമുണ്ടായിരുന്നുവെന്ന് നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. എന്നാല്‍ 2014ന് ശേഷം നയങ്ങള്‍ മാറി. 2014ന് മുമ്പ് തീവ്രവാദികള്‍ക്ക് യഥേഷ്ടം രാജ്യത്തെ ആക്രമിക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. തങ്ങള്‍ അധികാരത്തിലേറിയതോടെ ഹിന്ദുസ്ഥാന്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുന്നു. രാജ്യത്തിന്റെ സുരക്ഷക്കായി ഇന്ന് ഇന്ത്യക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം മോദിയുടെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. തങ്ങള്‍ക്ക് നീതി വേണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. മണിപ്പൂര്‍ കലാപത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തില്‍ പ്രതിഷേധിച്ച് ‘മണിപ്പൂര്‍..മണിപ്പൂര്‍’ എന്ന് പ്രതിപക്ഷം ശബ്ദമുയര്‍ത്തുകയും ചെയ്തു. മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ‘ഭാരത് ജോഡോ’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. സ്വേച്ഛാധിപത്യം വെച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ കഴിയാതെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് താകീത് നല്‍കി. സഭയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നായിരുന്നു താകീത്. നന്ദിപ്രമേയ ചർച്ചയിലെ മറുപടി പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ തുടരുകയാണ്.
Content Highlight: Prime Minister Narendra Modi’s response to the debate on the motion of thanks for the President’s speech