'ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു'; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെതിരെ വ്യാപക വിമര്‍ശനം
national news
'ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു'; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കെതിരെ വ്യാപക വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2024, 12:27 pm

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിൽ രൂക്ഷവിമര്‍ശനം. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്ങും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെ നിരവധി ആളുകളാണ് പ്രധാനമന്ത്രിക്കെതിരെയും ചീഫ് ജസ്റ്റിസിനെതിരെയും വിമര്‍ശനം ഉയര്‍ത്തുന്നത്. വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച പൂജയ്ക്കാണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്.

എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്ന് ഇന്ദിര ജയ്‌സിങ് പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ചീഫ് ജസ്റ്റിസിനെ അഭിഭാഷക വിമര്‍ശിച്ചത്.

എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തോട് ഇരുവരും കാണിച്ച ഈ പരസ്യമായ വിട്ടുവീഴ്ചയില്‍ എസ്.സി.ബി.എ അപലപിക്കണമെന്നും ഇന്ദിര ജയ്‌സിങ് പറഞ്ഞു. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ കപില്‍ സിബലിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇന്ദിര ജയ്‌സിങ്ങിന്റെ പോസ്റ്റ്.

ഇന്നലെയാണ് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും തമ്മില്‍ ദല്‍ഹിയിലെ ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

അതേസമയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മോദിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം. ചീഫ് ജസ്റ്റിസ് ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി.

‘എക്‌സിക്യൂട്ടീവില്‍ നിന്ന് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ചുമതലപ്പെടുത്തിയ ഒരു സംവിധാനമാണ് ജുഡീഷ്യ. ഈ കൂടിക്കാഴ്ച വളരെ മോശമായ സൂചനയാണ് നല്‍കുന്നത്,’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവര്‍ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും മോദിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ച് രംഗത്തെത്തി. ശിവസേന ( യു.ബി.ടി) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കളാണ് സി.ജെ.ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

മോദിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ‘മാന്യരേ….,ഇതാണ് റിപ്പബ്ലിക്കിന്റെ അവസ്ഥ, എന്ന അടിക്കുറിപ്പോടുക്കൂടി ആര്‍.ജെ.ഡി എം.പി മനോജ് ഝാ പ്രതികരിക്കുകയുണ്ടായി.

രാജ്യത്തുടനീളമായി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രിയെത്തിയത് ചീഫ് ജസ്റ്റിസിന്റെ വസതിയിലാണ്. ഈ കൂടിക്കാഴ്ച പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് യു.ബി.ടി നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ജഡ്ജിമാര്‍ പൂച്ചെണ്ടുകളോ അഭിനന്ദന കത്തുകളോ അയയ്ക്കാന്‍ തുടങ്ങിയാല്‍, ഉന്നതപദവിയെ മാനിച്ചുകൊണ്ടുള്ള അഭിനന്ദനം കൂടിയാണെങ്കിലും ജ്യൂസിഷ്യറിക്ക് മേല്‍ പൊതുജനത്തിനുള്ള വിശ്വാസത്തിന് ഇളക്കം സംഭവിക്കും,’ എന്ന 1980ലെ ജസ്റ്റിസ് വി.ഡി തുള്‍സാപൂര്‍ക്കറുടെ നിരീക്ഷണം ഉദ്ധരിച്ച് അഡ്വക്കേറ്റ് സഞ്ജയ് ഘോഷും കൂടിക്കാഴ്ചയില്‍ അതൃപ്തി അറിയിച്ചു.

സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം ഡോ. അശോക് ധാവ്‌ലെ, സി.പി.ഐ.എം.എല്‍ അംഗം ക്ലിഫ്ടണ്‍ ഡി. റൊസാരിയോ എന്നിവരും ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ചു. വിരമിച്ച ശേഷം എപ്പോഴാണ് ഒരു രാജ്യസഭാ എം.പിയായി ചീഫ് ജസ്റ്റിസ് വരുന്നതെന്നും അല്ലെങ്കില്‍ ഗവര്‍ണര്‍, നിയമമന്ത്രി സ്ഥാനങ്ങളിലേക്ക് അദ്ദേഹം എത്തുന്നതെന്നും ആലോചിക്കേണ്ടതുണ്ടെന്നാണ് അശോക് ധാവ്‌ലെ പ്രതികരിച്ചത്.

Content Highlight: Prime Minister Narendra Modi’s participation in the puja ceremony held at Chief Justice D.Y.Chandrachud’s residence has been severely criticized