national news
'കേന്ദ്ര സര്‍ക്കാരിന്റെ സമയോചിത ഇടപെടല്‍ സ്ഥിതിഗതികളെ മെച്ചപ്പെടുത്തി'; മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 08, 12:18 pm
Monday, 8th April 2024, 5:48 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിന് സാധ്യമായതെല്ലാം മണിപ്പൂരില്‍ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. അസമിലെ ദിനപത്രമായ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.

സര്‍ക്കാര്‍ സംഘര്‍ഷത്തില്‍ ഇടപ്പെട്ടതോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതാണെന്നും മോദി പറഞ്ഞു. സര്‍ക്കാര്‍ സമയബന്ധിതമായി മണിപ്പൂര്‍ കലാപത്തില്‍ ഇടപെട്ടുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

‘സാഹചര്യങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. സംഘര്‍ഷം പരിഹരിക്കുന്നതിന് ഞങ്ങളുടെ മികച്ച ഭരണ സംവിധാനങ്ങള്‍ സംസ്ഥാനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യാ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും മണിപ്പൂര്‍ സര്‍ക്കാരിന്റെ ശ്രമങ്ങളും മൂലം സംസ്ഥാനത്തിന്റെ അവസ്ഥയില്‍ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ട്,’ എന്നാണ് മോദി പറഞ്ഞത്.

സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മണിപ്പൂരിലേക്കുള്ള സഹായം തുടരുന്നുണ്ടെന്നും ഇപ്പോഴും കലാപ ബാധിതര്‍ക്കുള്ള സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

അഭിമുഖത്തില്‍ മ്യാന്‍മര്‍ പൗരന്മാരുടെ കുടിയേറ്റം, മണിപ്പൂര്‍ പ്രതിസന്ധി, അസമിലെ കലാപം, അരുണാചല്‍ പ്രദേശിലെ ചൈനയുടെ അവകാശവാദത്തെ കുറിച്ചുള്ള ആശങ്കകള്‍ എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ മോദി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്കും മ്യാന്‍മറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാരം റദ്ദാക്കുക, ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ രക്ഷാ സേനയുടെ ഫലപ്രദമായ വിന്യസിക്കല്‍, സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം, ഇന്‍ഡോയില്‍ ഫെന്‍സിങ് നിര്‍മാണം തുടങ്ങിയ കാര്യങ്ങള്‍ മ്യാന്‍മര്‍ വിഷയത്തെ അടിസ്ഥാനമാക്കി മോദി പറഞ്ഞു.

Content Highlight: Prime Minister Narendra modi reacting on Manipur issue