വാരാണസി: സ്വന്തം തട്ടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണാസിയില്‍ റോഡ് ഷോയോടെയാണ് മോദി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഏഴ് കിലോമീറ്റര്‍ നീളുന്ന റോഡ്‌ഷോയില്‍ വലിയ ജനപങ്കാളിത്തമുണ്ട്. റോഡ് ഷോ വലിയ ശക്തിപ്രകടനമാക്കി കിഴക്കന്‍ യുപിയില്‍ വലിയ തരംഗമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് ബനാറസില്‍ നിന്ന് നരേന്ദ്രമോദിയുടെ റോഡ് ഷോ തുടങ്ങിയത്. ബനാറസ് ഹിന്ദു സര്‍വകലാശാല കവാടം മുതല്‍ ദശാശ്വമേധ് ഘാട്ടുവരെയാണ് റോഡ് ഷോ. ഹിന്ദു മഹാ സഭാ നേതാവ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് മോദി റോഡ് ഷോ ആരംഭിച്ചത്.
വാഹനത്തില്‍ ഒറ്റക്കാണ് മോദി സഞ്ചരിച്ചത്. യോഗി ആദിത്യനാഥ്, അനുപ്രിയ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ മറ്റൊരു വാഹനത്തില്‍ മോദിയെ അനുഗമിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ നിന്നും ലഭിച്ച സീറ്റുകള്‍ ഇത്തവണയും നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഇനിയുള്ള ദിവസങ്ങള്‍ മോദി യു.പിയില്‍ പ്രചരണം ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ യു.പിയില്‍ നിന്ന് 71 സീറ്റുകളാണ് ബി.ജെ.പി നേടിയത്. എന്നാല്‍ ഇത്തവണ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം ബി.ജെ.പിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ തിരിച്ചടി നേരിടാതിരിക്കാന്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ് മോദിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം.
— Chowkidar Narendra Modi (@narendramodi) April 25, 2019
അതേസമയം വാരാണസിയില്‍ കോണ്‍ഗ്രസിന്റെ 2014ലെ സ്ഥാനാര്‍ഥിയായിരുന്ന അജയ് റായിയെ തന്നെയാണ് ഈ വര്‍ഷവും മോദിക്കെതിരെ മത്സരിപ്പിക്കുന്നത്. 2014ല്‍ മോദിക്കും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനും പിന്നില്‍ മൂന്നാമതായിരുന്നു അജയ്.
2014ല്‍ മോദി 5.81 ലക്ഷം വോട്ടുകള്‍ വാരാണസിയില്‍ നിന്നും നേടിയപ്പോള്‍ അജയ്ക്ക് നേടാനായത് വെറും 75,614 വോട്ടുകളായിരുന്നു. അഞ്ചു തവണ എം.എല്‍.എ ആയ അജയ് ഭൂമിഹാര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്. ബ്രാഹ്മണ്‍, ഭൂമിഹാര്‍ വോട്ടുകള്‍ അജയ്ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.