ഗാന്ധിനഗര്‍: കാര്‍ഷിക നിയമങ്ങളെകുറിച്ച് പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് രണ്ടാം തവണയാണ് കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി പ്രതിഷേധങ്ങള്‍ക്കിടയിലും രംഗത്ത് എത്തുന്നത്. മുമ്പ് കാര്‍ഷിക സംഘടനകളും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്ന ആവശ്യങ്ങളാണ് കാര്‍ഷിക മേഖലയില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും പ്രസംഗത്തില്‍ മോദി പറഞ്ഞു.
ദല്‍ഹിയില്‍ കര്‍ഷരെ തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമ്പോള്‍ കര്‍ഷകരുടെ ഭൂമി മറ്റുള്ളവര്‍ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
അതേസമയം വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം തുടരുകയാണ്. നിരവധി വട്ടം കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങളൊന്നും തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം കേന്ദ്രം ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഇരുപത് ദിവസത്തിലേറെയായി കര്‍ഷകര്‍ സമരത്തിലാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും ഇവരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല.
അമിത് ഷായും നരേന്ദ്ര സിംഗ് തോമറും രാജ്‌നാഥ് സിംഗുമടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള ചര്‍ച്ചകളെല്ലാം നടന്നത്.
കര്‍ഷക സമരം 20 ദിവസം പിന്നിടുമ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിര്‍ത്തിയിലെത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
അറുപതിനായിരത്തിലധികം ആളുകള്‍ നിലിവില്‍ അതിര്‍ത്തിയിലുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ഹരിയാന പൊലീസ് അറിയിച്ചിട്ടുണ്ട്.
പഞ്ചാബിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് ദിവസേന അതിര്‍ത്തിയില്‍ എത്തിച്ചേരുന്നത്.
കര്‍ഷക സമരം തടയാനുള്ള വഴികളെല്ലാം അടയുമ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് പൊലീസ് ഇപ്പോള്‍. ദല്‍ഹി-ഹരിയാന അതിര്‍ത്തി പൂര്‍ണമായും അടച്ച് കര്‍ഷകരെ സമരസ്ഥലത്തേക്ക് എത്തിക്കാതിരിക്കാനാണ് പൊലീസ് ശ്രമം. നിലവില്‍പ്രതിഷേധക്കാര്‍ ദല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ എത്താതിരിക്കാന്‍ പൊലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് മറികടന്നാണ് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സമരം 20 ദിവസം പിന്നിടുമ്പോഴും എത്തുന്നത്. ഇത് വലിയ ആശങ്കയാണ് ഹരിയാന പൊലീസിനിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
നിലവില്‍ ദല്‍ഹി-അമ്പാല, ദല്‍ഹി- ഹിസാര്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് ഗ്രാമങ്ങളിലുടെ സഞ്ചരിച്ചാണ് കര്‍ഷകര്‍ സമരം നടക്കുന്നിടത്തേക്ക് എത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Prime Minister Narendra Modi has once again leveled allegations against farmers’ protests