ഇന്ത്യന്‍ മുജാഹിദീന്റെ പേരിനൊപ്പവും ഇന്ത്യയുണ്ട്; പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി
national news
ഇന്ത്യന്‍ മുജാഹിദീന്റെ പേരിനൊപ്പവും ഇന്ത്യയുണ്ട്; പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 1:15 pm

ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ(ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്)ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പേരിനൊപ്പം ഇന്ത്യയുണ്ടായത് കൊണ്ട് കാര്യമില്ലെന്നും ഇന്ത്യന്‍ മുജാഹിദീന്റെയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും പേരിനൊപ്പം ഇന്ത്യയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എം.പിമാരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘പ്രതീക്ഷയറ്റ, പരാജയപ്പെട്ട, മോദിയെ എതിര്‍ക്കുകയെന്ന ഒറ്റ അജണ്ട മാത്രമുള്ളവരുടെ കൂട്ടമാണ് ‘ഇന്ത്യ’. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യയുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല. ഇത്തരത്തില്‍ ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷത്തെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,’ മോദി പറഞ്ഞു.

അതേസമയം, മണിപ്പൂര്‍ വിഷയം അടക്കം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. ചൊവ്വാഴ്ച രാവിലെ നടന്ന ഇന്ത്യ യോഗത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്.

ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയും ലോക്സഭയും ചൊവ്വാഴ്ചയും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ റൂള്‍ 267 പ്രകാരം വിശദമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭയിലും വിഷയത്തില്‍ സംസാരിക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിക്കുന്നത്.

മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വചര്‍ച്ച നടത്താമെന്നും പക്ഷേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും വിഷയത്തില്‍ മറുപടി പറയുകയെന്നുമാണ് ബി.ജെ.പി നിലപാട്. എന്നാല്‍ ഈ ആവശ്യം പ്രതിപക്ഷ എം.പിമാര്‍ അംഗീകരിച്ചില്ല.

Content Highlight: Prime Minister Narendra Modi criticized the opposition alliance India