ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെയും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും നോണ്‍വെജ് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത് വിശ്വാസികളെ അപമാനിക്കാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. ജമ്മു കശ്മീരിലെ ഉധംപൂരിലെ പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
മുഗളന്മാരുടെ മനോഭാവത്തോടെയാണ് ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. നവരാത്രിയുടെ സമയത്ത് നോണ്‍വെജ് കഴിക്കുന്ന വീഡിയോ എന്ത് മാനസിക അവസ്ഥയോടെയാണ് പങ്കുവെച്ചതെന്നും ഇത് ആരെ സന്തോഷിപ്പിക്കാനാണെന്നും മോദി ചോദിച്ചു.
ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ വീട്ടില്‍ വെച്ച് മട്ടണ്‍ തയ്യാറാക്കുന്ന ഒരു വീഡിയോ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.
നവരാത്രി സമയത്ത് തേജസ്വി യാദവ് മീന്‍കറി കഴിക്കുന്ന വീഡിയോ പങ്കുവെച്ചത് വിശ്വാസികളെ വ്രണപ്പെടുത്താനാണെന്നും മോദി കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള വീഡിയോകള്‍ ചിലര്‍ മനഃപൂര്‍വം നല്‍കുന്നതാണെന്നും ഇത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും മോദി ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ജമ്മു കാശ്മീരിന് ഉടനെ സംസ്ഥാന പദവി നല്‍കുമെന്നും പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370ന്റെ അവശിഷ്ട്ടങ്ങള്‍ കുഴിച്ചുമൂടിയെന്നും മോദി പറഞ്ഞു. പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കുന്നവര്‍ ജയിച്ചാല്‍ ജമ്മു കശ്മീരിലെ പൗരന്മാരെ തിരിഞ്ഞുപോലും നോക്കുകയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight:Prime Minister Narendra Modi criticized Congress leader Rahul Gandhi and RJD leader Tejashwi Yadav