| Tuesday, 25th October 2022, 8:49 am

ആഗോള വിഷയങ്ങളില്‍ ഒന്നിച്ച്, റോഡ്മാപ്പ് 2030 നടപ്പാക്കാന്‍ ആഗ്രഹിക്കുന്നു: റിഷി സുനകിനെ അഭിനന്ദിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത റിഷി സുനകിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സുനകിനെ അഭിനന്ദനമറിയിച്ച ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. 2030ല്‍ റോഡ്മാപ്പ് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.

‘ആഗോള വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും റോഡ്മാപ്പ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേരുന്നു’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചത്.

അതേസമയം, എതിരാളി പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് റിഷി സുനക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രീട്ടീഷ് പ്രധാനമന്ത്രിയാണ് റിഷി സുനക്. പുതിയ പ്രധാനമന്ത്രി ഒക്ടോബര്‍ 28നാണ് അധികാരമേല്‍ക്കുക.

ബോറിസ് ജോണ്‍സന്റെയും റിഷി സുനകിന്റെയും പേരുകളായിരുന്നു പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത്. മത്സരത്തില്‍ നിന്നും ബോറിസ് പിന്മാറിയതോടെ റിഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മത്സരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ബോറിസ് ജോണ്‍സണ്‍ രാജി വെച്ച ഒഴിവിലേക്കായിരുന്നു ലിസ് ട്രസ് എത്തിയിരുന്നത്.

എന്നാല്‍ ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു വെറും 45 ദിവസം അധികാരത്തിലിരുന്ന ശേഷം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസ് മടങ്ങിയത്.

CONTENT HIGHLIGHT:  Prime Minister Narendra Modi congratulated Rishi Sunak on his election as British Prime Minister

We use cookies to give you the best possible experience. Learn more