| Monday, 10th October 2022, 11:41 am

'ആദര്‍ശങ്ങള്‍ ജനകീയമാക്കാന്‍ ജീവിതമുഴിഞ്ഞുവെച്ച നേതാവ്'; മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവാണ് മുലായം സിങ്ങെന്നും, ജയപ്രകാശ് നാരായണിന്റെയും ലോഹ്യയുടെയും ആദര്‍ശങ്ങള്‍ ജനകീയമാക്കാന്‍ ജീവിതമുഴിഞ്ഞുവെച്ച നേതാവാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിങ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധമാണ് തനിക്ക് അദ്ദേഹത്തോടുള്ളതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് മുലായം സിങ് യാദവിന്റെ മരണം. 82 വയസായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് മുലായം സിങ് യാദവിന്റെ നിര്യാണം. മകന്‍ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ മരണവിവരം അറിയിച്ചത്.

ശ്വാസകോശ, കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 22നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുര്‍ന്ന് ഈ മാസം രണ്ടിന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് തവണ യു.പി മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് നിലവില്‍ മെയ്ന്‍പുരിയില്‍ നിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢില്‍ നിന്നും സംഭാലില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.

അനുയായികള്‍ക്കിടയില്‍ ‘നേതാജി’ എന്ന വിളിപ്പേരുള്ള യാദവ്, ഇന്ത്യന്‍ രാഷ്ട്രീയ ഗോദയില്‍ സോഷ്യലിസ്റ്റ് ചിന്താഗതിയിലൂടെയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്.

Content Highlight: Prime minister Narendra Modi Commemorating Mulayam Singh Yadav

We use cookies to give you the best possible experience. Learn more