| Tuesday, 17th January 2023, 11:54 pm

സിനിമയെ പറ്റിയുള്ള അനാവശ്യ വിവാദങ്ങള്‍ ബി.ജെ.പി നേതാക്കള്‍ ഒഴിവാക്കുക; നിര്‍ദേശവുമായി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമകളെ കുറിച്ച് നേതാക്കള്‍ അനാവശ്യ അഭിപ്രായങ്ങള്‍ പറയരുതെന്ന് മോദി പറഞ്ഞു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേതാക്കള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളില്‍ ദിവസം മുഴുവന്‍ ആവര്‍ത്തിച്ചുവരുന്നു. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു. ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരെ വിവിധ സംഘപരിവാര്‍ കോണുകളില്‍ നിന്നും ഭീഷണിയും ബഹിഷ്‌കരണ ക്യാമ്പെയ്‌നുകളും നടക്കുന്നതിനിടയിലാണ് മോദിയുടെ പരാമര്‍ശം.

അടുത്തിടെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ ബഹിഷ്‌കരണ ക്യാമ്പെയ്‌നുകള്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് ബോളിവുഡ് താരങ്ങള്‍ പറഞ്ഞിരുന്നു. സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു.

സംഘപരിവാറില്‍ നിന്നും വലിയ ഭീഷണിയാണ് ഷാരൂഖ് ഖാന്‍- ദീപിക പദുക്കോണ്‍ ചിത്രം പത്താന്‍ നേരിടുന്നത്. ചിത്രത്തിലെ ബേഷരം രംഗ് എന്ന പാട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീവ്ര ഹിന്ദുത്വ സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ അറ്റാക്ക് ആരംഭിച്ചത്.

ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ച് അഭിനയിച്ചതായിരുന്നു വിവിധ വലതുപക്ഷ- ഹിന്ദുത്വ പ്രൊഫൈലുകള്‍ വിവാദമാക്കിയത്. പാട്ടില്‍ കാവി ബിക്കിനി ധരിച്ച യുവതിയെ വശീകരിക്കാന്‍ ഷാരൂഖ് ഖാന്റെ കഥാപാത്രം ശ്രമിക്കുന്നു എന്നായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആരോപിച്ചത്.

ഇതേത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ബജ്‌റംഗ്ദളിന്റേതടക്കമുള്ള വിവിധ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ സിനിമയുടെ ഫ്‌ളക്‌സ് തല്ലിത്തകര്‍ക്കുകയും കട്ടൗട്ടുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: Prime Minister Narendra Modi against calls to boycott cinema

We use cookies to give you the best possible experience. Learn more