'രാജാക്കന്മാരെ കുറ്റപ്പെടുത്തുന്ന രാഹുലിന് സുല്‍ത്താന്മാരെ കുറിച്ച് പറയാനൊന്നുമില്ല: വിവാദ പരാമര്‍ശവുമായി മോദി
national news
'രാജാക്കന്മാരെ കുറ്റപ്പെടുത്തുന്ന രാഹുലിന് സുല്‍ത്താന്മാരെ കുറിച്ച് പറയാനൊന്നുമില്ല: വിവാദ പരാമര്‍ശവുമായി മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2024, 7:13 pm

കര്‍ണാടക: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ രാജാക്കന്മാര്‍ രാജ്യത്തോട് ക്രൂരതകള്‍ ചെയ്തുവെന്ന് പറയുന്ന രാഹുലിന് നവാബ്, നിസാം, സുല്‍ത്താന്‍, ബാദുഷ എന്നിവരെ കുറിച്ച് വിമര്‍ശിക്കാന്‍ ഒന്നുമില്ലെന്നും മോദി പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത മുഗള്‍ രാജാക്കന്മാരെയും ഔറഗസേബിനെയും രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ ഒരിക്കലും വിമര്‍ശിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. കര്‍ണാടകയിലെ ബെലഗാവിയില്‍ ഞായറാഴ്ച നടന്ന ബി.ജെ.പി റാലിയിലാണ് മോദിയുടെ പരാമര്‍ശം.

ചത്രപതി ശിവാജി മഹാരാജ് , റാണി ചിന്നമ്മ തുടങ്ങിയ മഹത് വ്യക്തികളെ രാഹുല്‍ ഗാന്ധി അപമാനിക്കുകയാണ് ചെയ്തതെന്നും മോദി ആരോപിച്ചു. ശിവാജി അടക്കമുള്ളവരുടെ ഭരണവും രാജ്യസ്‌നേഹവും നമ്മെ ഇപ്പോഴും പ്രചോദിപ്പിക്കുന്നുണ്ട്. നാമെല്ലാവരും അഭിമാനിക്കുന്ന മൈസൂര്‍ രാജകുടുംബം രാജ്യത്തിന് നല്‍കിയ സംഭാവന എത്രമാത്രമാണെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയില്ലേയെന്നും മോദി ചോദിച്ചു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി നിര്‍മിക്കാന്‍ ബനാറസ് രാജാവാണ് സഹായിച്ചതെന്നും നരേന്ദ്ര മോദി പറഞ്ഞു. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും മോദി കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജാക്കന്മാരുടെ ഭരണം അസഹനീയമായ കാലമുണ്ടായിരുന്നു ഇന്ത്യയില്‍. സാധാരണ ജനങ്ങളുടെ ഭൂമിയും സ്വത്തും രാജാക്കന്മാര്‍ തട്ടിയെടുത്തിരുന്നു. പക്ഷെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതോടെ ഇത്തരം വ്യവസ്ഥകളില്‍ മാറ്റമുണ്ടായെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

എന്നാല്‍ ഇതിനുപിന്നാലെ കോൺഗ്രസ് നേതാവിന്റെ പരാമര്‍ശം രജപുത്ര സമുദായത്തെ അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.

Content Highlight: Prime Minister Narendra Modi again made controversial remarks against Rahul Gandhi