| Saturday, 26th May 2018, 9:56 pm

മോദി പ്രധാനമന്ത്രിയായിട്ട് നാലു വര്‍ഷങ്ങള്‍; 808 പ്രസംഗങ്ങള്‍; 43 മന്‍ കീ ബാത്ത്; പത്രസമ്മേളനം 0

അശ്വിന്‍ രാജ്

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് ഇന്നേക്ക് 4 വര്‍ഷം തികഞ്ഞിരിക്കുകയാണ്. അതായത് 1440 ദിവസങ്ങള്‍. ഇത്രയും ദിവസങ്ങള്‍ക്കിടെ വിവിധ സന്ദര്‍ഭങ്ങളിലായി 808 പ്രസംഗങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്. ഇതില്‍ വിദേശത്ത് വെച്ച് നടന്ന് സമ്മേളനങ്ങളും വിവിധ ദിനങ്ങളോട് അനുബന്ധിച്ച് വിവിധ പരിപാടികളില്‍ നടന്ന് പ്രസംഗങ്ങളും വിദേശ നേതാക്കളുടെ കൂടെ നടത്തിയ സംയുക്തപത്ര സമ്മേളനവും ഉള്‍പ്പെടും.

2014 ഒക്ടോബര്‍ മുതല്‍ തുടര്‍ച്ചയായി എല്ലാ മാസങ്ങളിലുമായി 43 മന്‍ കീ ബാത്തും നടത്തിയിട്ടുണ്ട്. എന്നാല്‍ ഒറ്റത്തവണ പോലും രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. മൂന്ന് ദേശീയ ചാനലുകള്‍ക്ക് മാത്രമാണ് അഭിമുഖം നല്‍കിയത്. സീ ന്യൂസ് , ടൈംസ് നൗ, ന്യൂസ് നെറ്റ്‌വര്‍ക്ക്
എന്നിവയ്ക്കായിരുന്നു അത്.

ഇതില്‍ ടൈംസ് നൗ ചാനലിന് രണ്ട് തവണ അഭിമുഖം നല്‍കി. അതില്‍ ഒന്ന് അന്ന് ടൈസ് നൗ ചാനലില്‍ ഉണ്ടായിരുന്ന അര്‍ണാബ് ഗോസ്വാമിയാണ് നടത്തിയത്. ഇതേ ചാനലിന് വേണ്ടി രണ്ടാം തവണ രാഹുല്‍ ശിവശങ്കര്‍,നവികകുമാര്‍ എന്നിവര്‍ അഭിമുഖം നടത്തി. സീ ന്യൂസിന് വേണ്ടി സുധീര്‍ ചൗധരിയും നെറ്റ്‌വര്‍ക്ക് 18ക്ക് വേണ്ടി രാഹുല്‍ ജോഷിയുമാണ് അഭിമുഖം നടത്തിയത്.

ഇതിന് പുറമേ മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തില്‍ വെച്ച് പ്രസൂന്‍ ജോഷിയുമായി ഒരു അഭിമുഖവും നടന്നിട്ടുണ്ട്. എന്നാല്‍ ഒറ്റത്തവണ പോലും പത്രപ്രവര്‍ത്തകരെ ഒരുമിച്ച് കണ്ട് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദി തയ്യാറായിട്ടില്ല എന്നതാണ് സത്യം. ഇടയ്ക്ക് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പത്രപ്രവര്‍ത്തകരെ കണ്ട് പ്രസ്താവന നടത്തുന്നതല്ലാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ “മൗന്‍ മോഹന്‍ സിംഗ്” എന്ന് വിളിച്ച് മോദി അധിക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, സിംഗ് ഒരിക്കലും പത്രസമ്മേളനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നിട്ടില്ല. വര്‍ഷം രണ്ട് പത്രസമ്മേളനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. വിദേശ യാത്ര നടത്തുമ്പോള്‍ വിമാനത്തില്‍ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു അദ്ദേഹം. അഭിമുഖങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളാണെന്നും പ്രധാനമന്ത്രിയെ സുഖിപ്പിക്കാനുള്ള ചോദ്യങ്ങളായിരുന്നു ഇതെന്നും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കൊട്ടിഘോഷിക്കപ്പെട്ട ജി.എസ്.ടി, പാതിവഴിയിലായ ലോക്പാല്‍ ബില്ല്, ദിനം പ്രതി ഉയരുന്ന പെട്രോള്‍ ഡീസല്‍ വില, നിരന്തരം നടത്തുന്ന വ്യാജപ്രചരണങ്ങള്‍, 530 കോടി ചിലവഴിച്ച് എങ്ങുമെത്താത്ത സ്വച്ഛ് ഭാരത് പദ്ധതി, ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് വിദേശത്തേക്ക് രക്ഷപ്പെടുന്നവര്‍, ഒറ്റരൂപ പോലും ചിലവഴിക്കാത്ത 1000 കോടി രൂപയുടെ നിര്‍ഭയ ഫണ്ട്, തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഒരു കോടി തൊഴില്‍ അവസരങ്ങള്‍, കള്ളപ്പണം പിടിച്ച് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന വാഗ്ദാനം, തുടങ്ങി പ്രധാനമന്ത്രി നേരിടാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.അത് കൊണ്ട് തന്നെയാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാന്‍ ഭയക്കുന്നത്.

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more