| Saturday, 14th September 2024, 5:37 pm

പശുക്കിടാവിനെ മാല ചാര്‍ത്തി നരേന്ദ്ര മോദി; പ്രധാനമന്ത്രി വസതിയില്‍ പുതിയൊരു അതിഥി കൂടി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയായ കല്ല്യാണ്‍ മാര്‍ഗിലേക്ക് പുതിയ ഒരതിഥി കൂടി എത്തിയിരിക്കുകയാണ്. ദീപ്‌ജ്യോതി എന്ന് പേരിട്ടിരിക്കുന്ന പശുക്കിടാവിനെ പ്രധാനമന്ത്രി ഓമനിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്ക് വെച്ചുകൊണ്ട് അദ്ദേഹം തന്നെയാണ് വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

എക്‌സില്‍ പങ്ക് വെച്ച കുറിപ്പില്‍ ‘ഗാവ്: സര്‍വസുഗപ്രദ’ എന്ന വേദവാക്യത്തോട് കൂടിയാണ് മോദി പശുക്കിടാവിനെ പരിചയപ്പെടുന്നത്. ‘ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തിന്റെ ശുഭകരമായ വരവ് അറിയിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ വസതിയിലെ അമ്മ പശു ജന്മം നല്‍കിയ ഈ പശുക്കുട്ടിക്ക് നെറ്റിയില്‍ പ്രകാശത്തിന്റെ പ്രതീകമുള്ളതിനാല്‍ ഞാന്‍ അതിന് ‘ദീപ്‌ജ്യോതി’ എന്ന് പേരിട്ടിരിക്കുകയാണ്, പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിനോടൊപ്പം പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രി പശുക്കിടാവിനെ ലാളിക്കുന്നതിന്റെയും കാളിവിഗ്രഹത്തിന് സമീപമിരുന്ന് മാല ചാര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ കാണാം. ശേഷം പശുക്കിടാവിനെ ഷാള്‍ പുതപ്പിച്ച മോദി അതിനെ ചുംബിക്കുന്നുമുണ്ട്.

വര്‍ഷങ്ങളായി ഗോവധസംരക്ഷണത്തിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബി.ജെ.പി നേതാക്കള്‍ പുണ്യമൃഗമായി കാണുന്ന വിഭാഗമാണ് പശുക്കള്‍. പ്രധാനമന്ത്രി തന്നെ അദ്ദേഹത്തിന്റെ പശുക്കളോടുള്ള സ്‌നേഹം പല സന്ദര്‍ഭങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗോവധം ആരോപിച്ച് നിരവധി അക്രമസംഭവങ്ങള്‍ ഇന്ത്യയില്‍ ഉടനീളം പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ കണക്കനുസരിച്ച് 2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെ പശു സംരക്ഷണത്തിന്റെ പേരില്‍ 12 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 44 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരായിരുന്നു, 36 പേര്‍. കൂടാതെ പശുസംരക്ഷണവുമായി ബന്ധപ്പെട്ട് 20 സംസ്ഥാനങ്ങളിലായി നൂറിലധികം വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം മുന്നൂറോളം പേര്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Prime Minister Modi welcomes new calf at 7, Lok Kalyan Marg

We use cookies to give you the best possible experience. Learn more