ന്യൂദല്‍ഹി: ഉക്രൈനിലെ യുദ്ധമുഖത്ത് നിന്നും പൗരന്‍മാരെ തിരികെയെത്തിക്കാന്‍ സാധിച്ചത് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയില്‍ കൊവിഡിനെ പ്രതിരോധിച്ചതു പോലെ ഓപ്പറേഷന്‍ ഗംഗ വന്‍വിജയമായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പൂനെയിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
‘നമ്മള്‍ കൊവിഡിനെ ഫലപ്രദമായാണ് പ്രതിരോധിച്ചത്. ഇനി ഉക്രൈനിലെ പ്രതിസന്ധിയാണ്. വലിയ രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്‍മാരെ ഉക്രൈനില്‍ നിന്നും ഒഴിപ്പിക്കാനാവാത്ത സാഹചര്യത്തില്‍ നമ്മുടെ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നമുക്ക് സാധിച്ചു. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്താലാണ് ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിച്ചത്,’ മോദി പറഞ്ഞു.
ഓപ്പറേഷന്‍ ഗംഗയിലൂടെ ഉക്രൈനില്‍ കുടുങ്ങിക്കിടന്ന 13,700 പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ ആഴ്ച മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനായി സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍, എയര്‍ലിഫ്റ്റിന് മുമ്പ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികളടക്കം നിരവധി യാതനകള്‍ സഹിക്കേണ്ടി വന്നിരുന്നുവെന്നും, അവര്‍ സ്വന്തം നിലയ്ക്കാണ് അയല്‍ രാജ്യങ്ങളിലേക്ക് കടന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്കെത്തിയതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഉക്രൈനില്‍ അവശേഷിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ വിവരങ്ങള്‍ ഓപ്പറേഷന്‍ ഗംഗയില്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 63 വിമാനങ്ങളിലായി 13,300 വിദ്യാര്‍ഥികള്‍ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 വിമാനങ്ങള്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായെന്നും 2,900 പേരെ ഇന്ത്യയില്‍ എത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഉക്രൈനില്‍നിന്നുള്ള ഇന്ത്യക്കാരുമായി രാജ്യത്തെത്തുമെന്നും വിദേശകാര്യ മന്ത്രാലയും അറിയിച്ചു.
ഖാര്‍കീവില്‍ ഉണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും നഗരം വിട്ടതായും അദ്ദേഹം വ്യക്തമാക്കി. സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനാണ് ഇനി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും, എന്നാല്‍, യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം ഇത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Prime Minister Modi Says India Successfully Managed Covid, Now Ukraine Situation